ന്യൂഡൽഹി– വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വീട്ട് നമ്പർ ‘0’ എന്നത് ക്രമക്കേടല്ലെന്നും വീടില്ലാത്തവർക്കും വോട്ടുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിനും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും മറുപടിയായി കമ്മീഷൻ വാർത്താസമ്മേളനം നടത്തി.വോട്ടർ പട്ടികയും വോട്ടെടുപ്പ് പ്രക്രിയയും വ്യത്യസ്തമാണെന്നും, ഒരാളുടെ പേര് രണ്ടിടത്ത് ഉണ്ടെന്നതുകൊണ്ട് മാത്രം കള്ളവോട്ട് നടന്നുവെന്ന് അർത്ഥമില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
കേരളത്തിലും കർണാടകയിലും ഉയർന്ന വോട്ട് കൊള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ പ്രസ്താവിച്ചു. അന്തിമ വോട്ടർ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ഇലക്ഷൻ ഉദ്യോഗസ്ഥരാണെന്നും, ഇരട്ട വോട്ടുകൾ ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കമ്മീഷൻ വിശദീകരിച്ചു. വോട്ടർ പട്ടിക ശുദ്ധീകരണം തെരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
“വോട്ട് മോഷണം” എന്ന ആരോപണം ഭരണഘടനയെ അപമാനിക്കുന്നതാണെന്നും, തെളിവില്ലാതെ കള്ളവോട്ട് ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവ് നൽകുന്നില്ലെന്നും കമ്മീഷൻ വിമർശിച്ചു. രാഹുൽ ഗാന്ധിയെ പേര് പറയാതെ, വോട്ടർമാരെ ഭയപ്പെടുത്താൻ ചിലർ “കമ്മീഷന്റെ കഴുത്തിന് നേർക്ക് തോക്ക് ചൂണ്ടുന്നു” എന്നും ഗ്യാനേഷ് കുമാർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ 45 ദിവസത്തിനകം ഹൈക്കോടതിയെ സമീപിക്കാമെന്നും, തെളിവില്ലാത്ത ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിശോധനയെ കമ്മീഷൻ ന്യായീകരിച്ചു. എസ്.ഐ.ആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ) വോട്ടർ പട്ടിക ശുദ്ധീകരിക്കാനാണ്, എന്നാൽ ഇതിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ തുടരുമെന്നും കമ്മീഷൻ അറിയിച്ചു