ന്യൂഡൽഹി– ശുഭാൻഷു ശുക്ലയും ആക്‌സിയം-4 ദൗത്യ സംഘവും വിജയകരമായി ഭൂമിയിലെത്തി. ഇന്ത്യൻ സമയം വൈകുന്നേരം 3.01ന്, ഗ്രേസ് ഡ്രാഗൺ ബഹിരാകാശ പേടകം കലിഫോർണിയ തീരത്തുള്ള പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി സ്‌പ്ലാഷ് ഡൗൺ ചെയ്തു.
സ്പേസ് എക്സ് ടീമിന്റെ സ്‌പീഡ് ബോട്ടുകളാണ് പേടകത്തെ റിക്കവറി ഷിപ്പിലേക്ക് ചങ്ങലകളിൽ ബന്ധിച്ച് കൊണ്ടുവന്നത്. കരയിൽ എത്തിയതിനു പിന്നാലെ, ദൗത്യ സംഘത്തെ വൈദ്യ പരിശോധനയ്ക്കായി വിധേയരാക്കും. ശേഷം, ഹെലികോപ്റ്റർ വഴി സംഘത്തെ തീരത്തേക്ക് കൊണ്ടുപോകും.
ശുഭാൻഷു ശുക്ലയുടെയും സംഘത്തിന്റെയും ആരോഗ്യസ്ഥിതിയ്‌ക്ക് നിരീക്ഷണമേർപ്പെടുത്താൻ ഐഎസ്ആർഒയുടെ സംഘം യുഎസിലെത്തിയിട്ടുണ്ട്. മൈക്രോഗ്രാവിറ്റി അനുഭവിച്ച 18 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം, ഇവരെ ജോൺസൺ സ്പേസ് സെൻററിൽ ഏഴ് ദിവസത്തേക്ക് നിരീക്ഷണത്തിൽ വെക്കും.
ഇന്നലെ വൈകുന്നേരം 4.45ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നാണ് ഡ്രാഗൺ ഗ്രേസ് പേടകം വേർപെട്ടത്. 22.5 മണിക്കൂറിനുശേഷം ആണ് അവർ വീണ്ടും ഭൂമിയിൽ എത്തിയത്. 14 ദിവസത്തെ ദൗത്യത്തിനായി പോയ സംഘം ആകെ 18 ദിവസം ഐഎസ്എസിൽ തങ്ങിയിരുന്നു.
ഡ്രാഗൺ ഗ്രേസ് പേടകത്തിൽ ശുഭാൻഷുവിനൊപ്പം പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും ഉണ്ടായിരുന്നു. ദൗത്യത്തിന്റെ അവസാന ഘട്ടം തുടങ്ങിയത് ഇന്നലെ വൈകിട്ട് 4.45ന് പേടകത്തിനെ ഐഎസ്എസിൽ നിന്ന് അൺഡോക്ക് ചെയ്ത് പുറപ്പെട്ടതോടെയാണ്.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ കൂടുതൽ ഭാരതീയരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു വേറിട്ട ദിനം കൂടിയായിരുന്നു ഈ മടങ്ങി വരവ്.
ചരിത്രപരമായ ബഹിരാകാശ യാത്രയ്ക്കു ശേഷം ഭൂമിയിലെത്തിയ ശുഭാംശു ശുക്ലയെ ഈ രാജ്യത്തെ ജനങ്ങൾക്കൊപ്പം ഞാനും സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുകയുണ്ടായി.
തിരിച്ചെത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ആക്‌സിയം 4 കമാൻഡർ പെഗ്ഗി വിറ്റ്‌സൻ അറിയിച്ചു.
പേടകം തിരിച്ച് ഭൂമിയിലേക്കിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട് ആനന്ദ കണ്ണീർ പൊഴിക്കുന്ന ശുഭാംശു ശുക്ലയുടെ മാതാപിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.