ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലിം മഖ്ബറ കയ്യേറി ഹിന്ദുത്വ ആൾക്കൂട്ടം. ഫത്തേപൂർ ജില്ലയിലെ അബൂ നഗർ പ്രദേശത്തുള്ള നവാബ് അബ്ദുൽ സമദ് മഖ്ബറയിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഭേദിച്ച് ബിജെപി, ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ കയറിക്കൂടിയത്. ഫത്തേപൂർ ഈദ്ഗാഹിനകത്ത് സ്ഥിതി ചെയ്യുന്ന മഖ്ബറ പുരാതന ഹിന്ദുക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയായിരുന്നു സംഭവം. 150 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഹിന്ദുക്ഷേത്രം തകർത്താണ് മഖ്ബറ നിർമിച്ചത് എന്ന് വാട്ട്‌സാപ്പിലും മറ്റും പ്രചരിച്ചതോടെ പ്രദേശത്ത് സാമുദായി സംഘർഷാവസ്ഥ നിലനിനിന്നിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബജ്‌റംഗ് ദൾ, ഹിന്ദു മഹാസഭ, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ ഹിന്ദു സംഘടനകളിലെ 2,000-ത്തോളം പേർ മഖ്ബറയിൽ എത്തി. ഇത് ശിവന്റെയും ശ്രീകൃഷ്ണന്റെയും ക്ഷേത്രമാണെന്നവകാശപ്പെട്ട് പൂജയും ആരതിയും നടത്താൻ ശ്രമിച്ചു. മഖ്ബറയുടെ മേൽ ഭഗവാ കൊടികൾ ഉയർത്തുകയും ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.
അക്രമികളെ പ്രതിരോധിക്കാൻ 1500-ഓളം പ്രദേശവാസികൾ ഈദ്ഗാഹിന് സമീപം ഒത്തുകൂടിയത് സംഘർഷത്തിന് കാരണമായി. രണ്ട് വിഭാഗങ്ങൾ തമ്മിൽ കല്ലേറ് ഉണ്ടായതായും, മഖ്ബറയുടെ ചില ഭാഗങ്ങൾ തകർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മഖ്ബറയ്ക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഹിന്ദുത്വ ആൾക്കൂട്ടം ഈ തടസ്സങ്ങൾ തകർത്ത് അകത്ത് കടന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഏഴ് ജില്ലകളിൽ നിന്നുള്ള പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് പ്രദേശം നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
ഹിന്ദു മഹാസഭയുടെ ഉത്തർപ്രദേശ് സംസ്ഥാന ഉപാധ്യക്ഷൻ മനോജ് ത്രിവേദി അടക്കം കണ്ടാലറിയുന്നവരും അറിയാത്തവരുമായ 150-ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി തുടങ്ങിയവർ അക്രമത്തെ വിമർശിച്ചു. ഇത് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും സാമുദായിക ഐക്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഉവൈസി പറഞ്ഞു. പ്രതിസന്ധിയിലാകുമ്പോൾ വർഗീയ കാർഡ് പുറത്തിറക്കുന്ന ബിജെപിയുടെ സ്ഥിരം നാടകമാണ് ഫത്തേപൂരിൽ നടന്നതെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.