ന്യൂഡല്‍ഹി– ഇന്ത്യന്‍ വ്യോമസേന, അതിര്‍ത്തി രക്ഷാസേന എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുപ്രധാന വിവരങ്ങള്‍ പാകിസ്താനി ഏജന്റിന് ചോര്‍ത്തി നല്‍കിയ യുവാവ് പിടിയില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയായ സഹ്‌ദേവ് സിങ് ഗോഹിലാണ് പിടിയിലായത്. ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്നു. 2023ലാണ് അതിഥി ഭഹദ്വരാജ് എന്ന് പരിചയപ്പെടുത്തിയ സ്ത്രീയുമായി സഹദേവ് വാട്‌സ് ആപ്പ് വഴി ബന്ധത്തിലാവുന്നത്.
അടുപ്പം ശക്തമായ ശേഷം ഇന്ത്യന്‍ വ്യോമസേനയുടെയും അതിര്‍ത്തി രക്ഷാസേനയുടെയും ചില കേന്ദ്രങ്ങളുടെ ഫോട്ടോകള്‍ അതിഥി ആവശ്യപ്പെട്ടു. അതനുസരിച്ച് അവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. സഹദേവ് ഒരു പാകിസ്താനി ഏജന്റിന് എയര്‍ഫോഴ്‌സും ബി.എസ്.എഫുമായി ബന്ധപ്പെട്ട വിവരങ്ങല്‍ കൈമാറുന്നുവെന്ന് തങ്ങള്‍ക്ക് വിവരം ലഭിക്കുകയായിരുന്നെന്ന് തീവ്രവാദ വിരുദ്ധ സേന പറഞ്ഞു.
ഈ വര്‍ഷം സ്വന്തം ആധാര്‍ കാര്‍ഡ് നല്‍കി ഒരു സിം എടുത്ത് അതിന്റെ നമ്പര്‍ അതിഥി ഭരദ്വാജിന് വേണ്ടി വാട്ട്‌സ്ആപ് ഉപയോഗിക്കാനായി നല്‍കി. ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഒ.ടി.പി പറഞ്ഞുകൊടുത്തായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ നമ്പറിലേക്കാണ് സുപ്രധാന രേഖകള്‍ കൈമാറിയത്. സഹദേവ് ഒ.ടി.പി പറഞ്ഞു കൊടുത്ത് ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ് അക്കൗണ്ട് പാകിസ്താനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമെ അജ്ഞാതനായ ഒരു വ്യക്തിയില്‍ നിന്ന് ഇയാള്‍ക്ക് 40000 രൂപ പണമായി ലഭിച്ചെന്നും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാകിസ്താന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്താന്‍ നടത്തിവരുന്ന വ്യാപക അന്യേഷണത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റെന്ന് തീവ്രവാദ വിരുദ്ധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ കെ സിദ്ധാർഥ് പറഞ്ഞു.