ന്യൂഡൽഹി– ജിഎസ്ടി പരിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജിഎസ്ടി 2.0’ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഈ പരിഷ്കരണം വേഗത പകരുമെന്നും രാജ്യവികസനത്തിന് കരുത്തേകുകയാണ് ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.
ജിഎസ്ടി 2.0 സാധാരണക്കാർക്ക് പ്രയോജനകരമാകുമെന്നും സംസ്ഥാനങ്ങളുടെ വികസനം ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. “സ്വദേശിവത്കരണത്തിലൂടെ ഇന്ത്യ മുന്നേറുകയാണ്. രാജ്യം സ്വയംപര്യാപ്തതയുടെ പാതയിലാണ്,” മോദി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾ ആഗോള വിപണികളിൽ എത്തുന്നത് രാജ്യത്തിന്റെ വിജയത്തിന് ആക്കം കൂട്ടുമെന്നും അവ ലോകോത്തര നിലവാരത്തിലേക്ക് ഉയരണമെന്നും മോദി ആഹ്വാനം ചെയ്തു. “നമ്മുടെ രാജ്യത്തിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന് ഓരോ ഇന്ത്യക്കാരനും തീരുമാനിക്കണം. സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നത് രാജ്യവികസനത്തിന് അനിവാര്യമാണ്,” അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജിഎസ്ടി പരിഷ്കരണം കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുമെന്നും സംസ്ഥാനങ്ങളുടെ വികസനത്തിന് വേഗത കൂട്ടുമെന്നും മോദി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ സംശയങ്ങൾക്ക് വ്യക്തത നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. “ഒരു രാജ്യം, ഒരു നികുതി എന്ന സ്വപ്നം ഇന്ത്യ സാക്ഷാത്കരിച്ചിരിക്കുന്നു. 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു,” മോദി അവകാശപ്പെട്ടു.
എല്ലാ ഓഹരി ഉടമകളുമായും ചർച്ച നടത്തിയതിനാൽ ജിഎസ്ടി വ്യവസായങ്ങൾക്ക് എളുപ്പമാക്കിയെന്നും മോദി പറഞ്ഞു. നവരാത്രി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിച്ച അദ്ദേഹം, എല്ലാവർക്കും നവരാത്രി ആശംസകൾ നേർന്നു. “നവരാത്രിയുടെ ആദ്യ ദിനം എല്ലാ വീടുകളിലും മധുരം എത്തട്ടെ,” മോദി കൂട്ടിച്ചേർത്തു.