ന്യൂഡൽഹി– ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലൊന്നായ ബിത്ര ദ്വീപ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 105 കുടുംബങ്ങൾ താമസിക്കുന്ന ദ്വീപായ ബിത്രയിലെ പ്രദേശവാസികൾ തന്നെ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരായി രംഗത്തുവന്നിട്ടുണ്ട്.
തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ദ്വീപിന്റെ സാമൂഹികാഘാത പഠനത്തിന് റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ദ്വീപ് തന്ത്രപ്രധാനമായ സ്ഥാനത്ത് ആണെന്നും, ഇത് ദേശീയ സുരക്ഷക്ക് അനുയോജ്യവുമാണെന്നും, ആയതിനാൽ ദ്വീപ് പൂർണമായും പ്രതിരോധ, നയതന്ത്ര ഏജൻസികൾക്കായി കൈമാറുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം എന്നും നോട്ടീസിൽ പറയുന്നു.
സാമൂഹികാഘാത പഠനത്തിന് ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കലിലെ ന്യായമായ നഷ്ടപരിഹാരം നൽകുന്നതും പുനരധവാസത്തിനും പുനഃസ്ഥാപനത്തിനുമായുള്ള നടപടികൾ സ്വീകരിക്കുക എന്നാണ് അധികാരികളിൽ നിന്ന അറിയാൻ സാധിക്കുന്നത്. പദ്ധതിയുടെ നിർവ്വഹണവും ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയും റവന്യു ഏജൻസിക്കാണ്. ഗ്രാമസഭ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചനകൾ നടത്തുമെന്നും നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഈ നീക്കത്തെ ബിത്രയിലെ എംപിയായ ഹംദുള്ള സയീദ് ഉൾപ്പെടെയുള്ള തദ്ദേശവാസികൾ തുറന്ന് എതിർത്തിട്ടുണ്ട്. ഒരുപാട് ദ്വീപുകൾ സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തിട്ടുണ്ടെന്നും ആയതിനാൽ വിജ്ഞാപനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ബിത്രയിലെ താമസക്കാർക്ക് ഹംദുള്ള ഉറപ്പ് നൽകി.
ഐഎൻഎസ് ജടായു എന്ന പുതിയ നാവികതാവളം ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ കമ്മീഷൻ ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. നിലവിൽ നേവൽ ഓഫീസർ ഇൻ ചാർജ്ജിന്റെ (ലക്ഷദ്വീപ്) നിയന്ത്രണത്തിലുള്ള മിനിക്കോയ് നാവിക ഡിറ്റാച്ച്മെന്റാണ് ഐഎൻഎസ് ജടായു കമ്മീഷൻ ചെയ്യുന്നത്.