ന്യൂദൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സ്വന്തമായി കേവലഭൂരിപക്ഷം നഷ്ടമായ സഹചര്യത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനായി എൻ.ഡി.എയും ഇന്ത്യാ മുന്നണിയും ദൽഹിയിൽ ഇന്ന് സുപ്രധാന യോഗം ചേരും.
543 അംഗ പാർലമെൻ്റിൽ ബിജെപി നേതൃത്വത്തിലുള്ള എൻ.ഡി.എ 294 സീറ്റുകൾ നേടി. ഭൂരിപക്ഷം നേടാനാവശ്യമായ 272 എന്ന മാന്ത്രിക കണക്കിനേക്കാൾ 22 പേരാണ് എൻ.ഡി.എ ഭാഗത്തുള്ളത്. ഇന്ത്യാ മുന്നണിക്ക് 234 പേരുണ്ട്. ഭൂരിപക്ഷത്തിന് 38 കുറവ്. എൻ.ഡി.എ സഖ്യകക്ഷികളായ ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവും ജെ.ഡി.യുവിൻ്റെ നിതീഷ് കുമാറും കിംഗ് മേക്കർമാരായുണ്ട്. ഇരുവരും ബി.ജെ.പിയുടെ കൂടെയാണ് പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതേസമയം, ഇന്ത്യാ മുന്നണിയുടെ നേതാക്കൾ ഇവരെ സർക്കാർ രൂപീകരണത്തിനായി സമീപിച്ചിട്ടുണ്ട്. ഇന്ത്യാമുന്നണിക്ക് ജെഡിയുവിൻ്റെയും ടിഡിപിയുടെയും പിന്തുണയും ഒരു മുന്നണിയുടെയും കൂടെയില്ലാത്ത എം.പിമാരുടെയും പിന്തുണയും ആവശ്യമാണ്. .
ഇന്ന് എൻ.ഡി.എ, ഇന്ത്യാ മുന്നണി നേതാക്കൾ ദൽഹിയിൽ യോഗം ചേരുന്നുണ്ട്. കൂറുമാറ്റങ്ങൾക്കായി പേരുകേട്ട നിതീഷ് കുമാറും ഇന്ത്യാ മുന്നണി സഖ്യകക്ഷിയായ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഒരു വിമാനത്തിലാണ് ദൽഹിയിലേക്ക് പോയത്.
ജെ.ഡി.യു എൻ.ഡി.എയിൽ തുടരുമെന്നും ഇന്ത്യാ മുന്നണിയുടെ ഭാഗത്തേക്ക് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്നും ആർ.ജെ.ഡി നേതാവ് കെസി ത്യാഗി ഇന്നലെ പറഞ്ഞു, ടി.ഡി.പിയും എൻ.ഡി.എയിൽ തുടരുമെന്ന് വ്യക്തമാക്കി.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.ജെ.ഡിയുടെ തേജസ്വി യാദവ്, ഉദ്ധവ് താക്കറെ, ശരദ് പവാർ, ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ എന്നിവർ പ്രധാന യോഗത്തിനായി ദൽഹിയിലേക്ക് തിരിച്ചു.
എൻഡിഎയുടെ ഭാഗത്തുനിന്ന് നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു, ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ, ഹിന്ദുസ്ഥാൻ അവാം മോർച്ച തലവൻ ജിതൻ റാം മാഞ്ചി, ജനസേനാ മേധാവി പവൻ കല്യാൺ, എൽജെപി നേതാവ് ചിരാഗ് പാസ്വാൻ, ജെഡിഎസിൻ്റെ എച്ച്ഡി കുമാരസ്വാമി എന്നിവരാണ് എൻ.ഡി.എ മുന്നണിയിൽനിന്ന് യോഗത്തിൽ പങ്കെടുക്കുന്നവർ.