ലക്കുണ്ടി– ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ വീട് നിർമ്മാണത്തിനായി മണ്ണുമാറ്റുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ ഔദ്യോഗികമായി നിധിശേഖരണത്തിനായുള്ള ഖനനം ആരംഭിച്ചു. ഗഡഗ് ജില്ലയിലെ ലക്കുണ്ടിയിലുള്ള കോട്ടെ വീരഭദ്രേശ്വര ക്ഷേത്ര പരിസരത്താണ് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഖനനം നടക്കുന്നത്.
കഴിഞ്ഞ ആഴ്ച ഒരു വീടിന്റെ തറ കിളയ്ക്കുന്നതിനിടെ പ്രജ്വൽ എന്ന എട്ടാം ക്ലാസ്സുകാരനാണ് ചെമ്പുപാത്രത്തിൽ സൂക്ഷിച്ച നിലയിൽ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയത്. ഏകദേശം 470 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങൾക്ക് 300 മുതൽ 400 വർഷം വരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സത്യസന്ധതയോടെ നിധി അധികൃതർക്ക് കൈമാറിയ ബാലനെ ജില്ലാ ഭരണകൂടം ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് കൂടുതൽ നിധി ഒളിഞ്ഞിരിപ്പുണ്ടെന്ന നിഗമനത്തിൽ സർക്കാർ ഖനനത്തിന് ഉത്തരവിട്ടത്.
ടൂറിസം വകുപ്പ്, പുരാവസ്തു-മ്യൂസിയം വകുപ്പ്, ലക്കുണ്ടി ഹെറിറ്റേജ് ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ഖനനം. ജെസിബികളും ട്രക്കുകളും ട്രാക്ടറുകളും ഉപയോഗിച്ച് ക്ഷേത്ര പരിസരത്തെ നിശ്ചിത ഭാഗം ഖനനം ചെയ്തു തുടങ്ങി. 15 സ്ത്രീകളും 5 പുരുഷന്മാരും അടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
പുരാതന കാലത്ത് സ്വർണ്ണനാണയങ്ങൾ അച്ചടിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു ലക്കുണ്ടി. ചാലൂക്യർ, രാഷ്ട്രകൂടർ, ഹോയ്സാലർ, വിജയനഗര സാമ്രാജ്യം തുടങ്ങിയ പ്രബല രാജവംശങ്ങൾ ഭരിച്ചിരുന്ന ഈ പ്രദേശം വലിയ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ച ഒന്നായിരുന്നു. ഭൂമിക്കടിയിൽ സ്വർണ്ണം, വെള്ളി എന്നിവയ്ക്ക് പുറമെ വജ്രം, വൈഡൂര്യം തുടങ്ങിയ രത്നങ്ങളും മറഞ്ഞുകിടക്കുന്നുണ്ടാകാമെന്നാണ് പുരാവസ്തു ഗവേഷകർ കരുതുന്നത്. 2024 നവംബറിൽ ഇവിടെ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് പുരാവസ്തുക്കൾ കണ്ടെത്തിയിരുന്നു. പുതിയ ഖനനത്തിലൂടെ കർണാടകയുടെ മധ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതങ്ങളും ശില്പങ്ങളും ആഭരണങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.



