ന്യൂഡൽഹി– ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേകമായി വിളിച്ച് ചേർത്ത പാർലമെന്റ് സമ്മേളനത്തിൽ മൂർച്ചയേറിയ ചോദ്യങ്ങളുമായി പ്രതിപക്ഷം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും പഹൽഗാം ഭീകരാക്രമണത്തിൽ ഉണ്ടായ വീഴ്ചകളെ കുറിച്ചും ആണ് പ്രതിപക്ഷം പ്രധാനമായും ചോദ്യം ഉന്നയിച്ചത്. എന്നാൽ ലക്ഷ്യം നേടിയോ എന്നത് ആണ് പ്രധാനം അതിന് നേരിട്ട നഷ്ടങ്ങൾ നോക്കേണ്ടെന്നും വിദ്യാർത്ഥി പരീക്ഷയിൽ ജയിച്ചോ എന്നതാണ് പ്രധാനമെന്നും പെൻസിൽ ഒടിഞ്ഞോ എന്നതല്ലെന്നുമാണ് ഭരണപക്ഷം നൽകിയ മറുപടി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് ചർച്ചക്ക് തുടക്കമിട്ടത്. കോൺഗ്രസ് നേതാവായ ഗൗരവ് ഗൊഗോയി ആണ് പ്രതികരണം തുടങ്ങിയത്. പാകിസ്താൻ അപേക്ഷിച്ചാണ് യുദ്ധം അവസാനിപ്പിച്ചത് എന്ന് തുടങ്ങുന്ന ഭരണപക്ഷ വാദങ്ങളെയെല്ലാം ഗെഗോയി നേരിട്ടിരുന്നു. പാർലമെന്റിൽ കോൺഗ്രസ് ഉന്നയിച്ച പ്രധാന വാദങ്ങൾ ഇവയാണ്:
1.പഹൽഗാമിലെ സുരക്ഷവീഴ്ചയും ഉത്തരവാദിത്തമില്ലായ്മയും
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾ എങ്ങനെയാണ് പട്ടാളക്കാരുടെ യൂണിഫോമിൽ എത്തിചേർന്നതെന്നും, 26 നിരപരാധികളെ കൊലപ്പെടുത്തിയതിന് ശേഷം 100 ദിവസം പിന്നിടുമ്പോഴും എങ്ങനെയാണ് സുരക്ഷിതരായി ഇരിക്കുന്നത് എന്നും ഗൗരവ് ഗൊഗോയി ചോദിച്ചു. പഹൽഗാമിൽ ഉണ്ടായ സുരക്ഷ വീഴ്ചകളെ കുറിച്ചും ഇന്റലിജൻസ് വിഭാഗത്തിന്റെ പരാജയങ്ങളെ കുറിച്ചും സർക്കാറിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ആരുടെ ഉത്തരവ് പ്രകാരമാണ് സുരക്ഷ വിഭാഗം പഹൽഗാമിൽ നിന്ന് മാറി നിന്നത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ശിവ സേന യുബിടി എംപിയായ അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു.
2. ഓപ്പറേഷൻ സിന്ദൂറും വെടിനിർത്തലും
ഓപ്പറേഷൻ സിന്ദൂർ വിജയമാണ് എന്ന് പറയുന്നതിന്റെ വിശ്വാസ്യതയെ കുറിച്ചും പ്രതിപക്ഷം ചോദ്യം ഉന്നയിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ തിരിച്ചടിക്കാൻ പോകുന്നു എന്ന വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതിന് പിന്നാലെയാണ് ഓപ്പറേഷൻ സിന്ദൂർ ഒരു വിജയമാണ് എന്ന് പറയുന്നതിലടക്കമുള്ള വിശ്വാസ്യയോഗ്യതയെ പ്രതിപക്ഷം ചോദ്യം ചെയ്തത്. പാകിസ്താൻ ദുർബലമാകുകയും വെടിനിർത്തൽ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, പാകിസ്താൻ അധിനിവേശ കാശ്മീർ പിടിച്ചെടുക്കുന്നതിന് പകരം എന്തിന് പാകിസ്താന്റെ ആവശ്യം അംഗീകരിച്ചെന്നും ഗൊഗോയി ചോദിച്ചു.
എന്നാൽ ഓപ്പറേഷൻ സിന്ദൂർ നിർത്തിവെച്ചതാണ് അവസാനിപ്പിച്ചിട്ടില്ലെന്നും പാകിസ്താൻ ഭീകരപ്രവർത്തനം നടത്തിയാൽ പുനരാരംഭിക്കും എന്നും അറിയിച്ചു. ആക്രമണം താങ്ങാൻ വയ്യാതായപ്പോൾ ഡിജിഎംഒയെ വിളിച്ച് നിർത്തണമെന്ന് കെഞ്ചിയതിനെ തുടർന്നാണ് നിർത്തിയതെന്നും ഭരണപക്ഷം അറിയിച്ചു.
3. പട്ടാളത്തിനേറ്റ തിരിച്ചടിയും, അവ്യക്തതയും
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് നഷ്ടമായ യുദ്ധവിമാനങ്ങളെ കുറിച്ചുള്ള കണക്ക് ബോധിപ്പിക്കണം എന്നാണ് പ്രതിപക്ഷ എംപിമാർ ഉന്നയിച്ച മറ്റൊരു പ്രധാന വാദം. ഇന്ത്യയുടെ പോർ വിമാനമായ റാഫേൽ, വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 5-6 വിമാനങ്ങൾ വരെ നഷ്ടമായി എന്നാണ് കരുതപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ അധികാരികൾ പുറത്തുവിടാത്തതിനെ തുടർന്ന് അവ്യക്തത നിലനിൽക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടുന്നത് വഴി വ്യാജ പ്രചാരണങ്ങൾ അവസാനപ്പിക്കാമെന്നും അത് പട്ടാളക്കാരുടെ ധർമ്മമാണെന്നും പ്രതിപക്ഷം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് പരീക്ഷ ജയിക്കുന്നതാണ് പ്രധാനം പെൻസിലും പേനയും വീണൊടിഞ്ഞോ എന്നതല്ലെന്നും ഭരണപക്ഷം മറുപടി നൽകിയത്. 22 മിനിറ്റിനകം ഒമ്പത് ഭീകരകേന്ദ്രങ്ങൾ ആണ് തകർത്തെന്നും നൂറിലധികം ഭീകരവാധികളെ കൊലപ്പെടുത്തിയെന്നും ശത്രുവിൻറെ എത്ര വിമാനം തകർത്തതെന്നതിനെ കുറിച്ച് പ്രതിപക്ഷം എന്താണ് ചോദ്യം ഉന്നയിക്കാത്തതെന്നും ഭരണപക്ഷം ചോദിച്ചു.
4. ട്രംപിന്റെ അവകാശവാദങ്ങളും രാജ്യത്തിന്റെ മാനവും
ഇന്ത്യ പാകിസ്താൻ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥതക്കെതിരെ ഖാർഗെ അടക്കമുള്ള പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ പൊട്ടിതെറിച്ചു. എന്തുകൊണ്ട് ഭരണപക്ഷം ട്രംപിന്റെ വാദങ്ങളെ തള്ളികളഞ്ഞില്ലെന്നതിനെ കുറിച്ച് വ്യക്തത ആവശ്യപ്പെടുകയും ചെയ്തു. ട്രംപിന്റെ അവകാശവാദങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെ അവഹേളിക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ഓപ്പറേഷൻ സിന്ദൂർ ആരുടെയും സമ്മർദത്തിന് വഴങ്ങിയല്ലെന്നും ഡിജിഎംഒ ചാനൽ വഴിയാണെന്നും ഭരണപക്ഷം അറിയിച്ചു.
5. കാർഖിലിൽ നിന്ന് പാഠം ഉൾകൊള്ളണം
വാജ്പേയി സർക്കാറിന്റെ കാർഖിൽ അവലോകന സമിതിയെ കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും ആണ് സുപ്രിയ ശൂലെ, ജയറാം രമേശ് തുടങ്ങിയ പ്രതിപക്ഷ എംപിമാർ ചോദ്യം ഉന്നയിച്ചത്. ഓപ്പറേഷൻ സിന്ദൂർ നടന്നതിന് മാസങ്ങൾക്ക് ശേഷം അതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നത്.സർക്കാറിന്റെ സുതാര്യതക്കും ഉത്തരവാദിത്തത്തിനുമേറ്റ കളങ്കമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
6.സ്വതന്ത്ര അന്വേഷണം
പഹൽഗാം ഭീകരാക്രമണത്തെകുറിച്ച് സ്വതന്ത്രവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും അതിനായി തുർക്കി, ചൈന, സ്വിറ്റ്സർലാൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെടാമെന്നും പ്രതിപക്ഷം പറഞ്ഞു എന്നാൽ ഇന്ത്യ അത്തരം ആവശ്യങ്ങൾ മുമ്പ് തന്നെ നിരസിച്ചിരുന്നു.
ഇതിന് പുറമേ, ഭീകരാക്രമണത്തിന് ഉത്തരവാധി ആഭ്യന്തര മന്ത്രി അമിത്ഷാ ആണെന്നും ലഫ്റ്റനൻറ് ഗവർണർക്ക് പിന്നിൽ നിന്ന് അമിത്ഷാക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആകില്ലെന്നും പ്രതിപക്ഷം പറഞ്ഞു. 370-ാം വകുപ്പ റദ്ദാക്കിയതോടെ കാശ്മീർ ശാന്തമായി എന്ന് പറഞ്ഞത് കളവാണെന്നും ബിജെപി ഭരിക്കുമ്പോഴാണ് രാജ്യത്ത് കൂടുതൽ ഭീകരാക്രമങ്ങൾ ഉണ്ടായതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഭീകരാക്രമണസമയത്ത് സൗദിയിലായിരുന്ന മോദി തിരികെയെത്തിയതിന് ശേഷം നേരെ പോയത് ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലേക്കാണ്. വിശ്വഗുരുവായിട്ടും ഒരു വിദേശരാജ്യം പോലും ഇന്ത്യയുടെ നിലപാടിനൊപ്പം നിന്നില്ലെന്നും, ഇന്ത്യയുടെ നയതന്ത്രം പരാജയമാണെന്നതിനുള്ള തെളിവാണ് ലോകബാങ്കും എഡിബിയുമെല്ലാം തുടർന്നും പാകിസ്താന് ധനസഹായം ലഭിച്ചതെന്നും പ്രതിപക്ഷം പറഞ്ഞു.