ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റയും പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച ഇന്തോനേഷ്യ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സന്ദർശനച്ചുമതലകൾ ഉള്ളതിനാൽ പ്രധാനമന്ത്രിക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇതിനെ തുടർന്നാണ് ബിഹാർ ഗവർണറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ ചടങ്ങുകളിലേക്ക് അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായിൽ വ്യോമാക്രമണത്തിലാണ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടത്. തുടർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രധാനമന്ത്രി മോദിയെ സംസ്‌കാര ചടങ്ങുകളിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. മാർച്ച് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങുകൾ മേഖലയിലെ കടുത്ത സംഘർഷാവസ്ഥയെ തുടർന്നാണ് മാറ്റിവെച്ചത്.
ഈ വരും ദിവസങ്ങളിൽ ഇറാന്റെ വിവിധ നഗരങ്ങളിലായി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 4-ന് ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്സിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. ടെഹ്റാനിലും ഖോമിലും വിലാപയാത്രകൾ നടക്കും. കൂടാതെ ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാകും.ജൂലൈ 9-ന് ഖമേനിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസ മസ്ജിദിലാണ് അന്തിമ സംസ്‌കാര ചടങ്ങുകൾ നടക്കുക.



