ന്യൂ ഡൽഹി– സുപ്രീം കോടതിയുടെ മുൻ ജഡ്ജിയും ഗുവാഹത്തി ഹൈകോടതിയുടെ മുൻ ചീഫ് ജസ്റ്റിസുമായ ബി. സുദർശൻ റെഡ്ഡിയെ ഇൻഡ്യ സഖ്യം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9-ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം
ഗുവാഹത്തി ഹൈകോടതിയുടെ മുൻ ചീഫ് ജസ്റ്റിസും ഗോവയുടെ ആദ്യ ലോകായുക്തയുമായിരുന്നു അദ്ദേഹം.
ആന്ധ്രപ്രദേശിൽ ജനിച്ച സുദർശൻ റെഡ്ഡി 1971-ൽ ആന്ധ്രപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി കരിയർ ആരംഭിച്ചു. 1988-90 കാലഘട്ടത്തിൽ ഹൈകോടതിയിൽ സർക്കാർ പ്ലീഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം, 1990-ൽ ആറ് മാസം കേന്ദ്രസർക്കാരിന്റെ അഡിഷനൽ സ്റ്റാൻഡിങ് കൗൺസലായും പ്രവർത്തിച്ചു. ഉസ്മാനിയ സർവകലാശാലയുടെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കൗൺസലുമായിരുന്നു.
1995-ൽ ആന്ധ്രപ്രദേശ് ഹൈകോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ൽ ഗുവാഹത്തി ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി. 2007-ൽ സുപ്രീം കോടതി ജഡ്ജിയായ അദ്ദേഹം 2011-ൽ വിരമിച്ച ശേഷം ഗോവയുടെ ആദ്യ ലോകായുക്തയായി.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം മഹാരാഷ്ട്ര ഗവർണറും ആർഎസ്എസ് മുതിർന്ന നേതാവുമായ സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നേരത്തെ നാമനിർദേശം ചെയ്തിരുന്നു. തമിഴ്നാട് ബിജെപി യൂണിറ്റിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ മാസം ജഗ്ദീപ് ധൻഖർ ആരോഗ്യകാരണങ്ങളാൽ രാജിവെച്ചതിനെ തുടർന്നാണ് സെപ്റ്റംബർ 9-ന് തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്.