ഭോപ്പാല്‍ – മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്ത് ഉത്തര്‍പ്രദേശ് സ്വദേശി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് നാല് വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പോലീസ് കണ്ടെത്തി.
ദീപക് വിവാഹം കഴിച്ചെങ്കിലും ബന്ധത്തില്‍ നിന്ന് പിന്മാറാന് മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ദീപക് മായായെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂര്‍ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് മൃതദേഹം ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍ നല്കിയ വിവരം. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.