തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തൂത്തുകുടിയിൽ പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന ദളിത് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം ബസ് തടഞ്ഞ് വലിച്ചിറക്കി വിരലുകള്‍ വെട്ടിമുറിച്ചു. 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവേന്ദ്രനാണ് ആക്രമണത്തിന് ഇരയായത്. ഇതേ സംഘം ദേവേന്ദ്രന്റെ അച്ഛന്‍ തങ്ക ഗണേഷിനേയും ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. വിരലുകളറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരലുകള്‍ തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തങ്ങള്‍ പട്ടിക ജാതിക്കാരായത് കൊണ്ടാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നതെന്ന് ഇഷ്ടികക്കളത്തില്‍ തൊഴിലാളിയായ തങ്ക പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.
തേവര്‍ സമുദായക്കാരുടെ ടീം കബഡി മത്സരത്തില്‍ തോറ്റതിലുള്ള പ്രതികാരമാണ് ദേവേന്ദ്രനെതിരായ ആക്രമണത്തിനു പിന്നിലെന്ന് കുടുംബം പറയുന്നു. മികച്ച കബഡി കളിക്കാരായ ദേവേന്ദ്രന്റെ പ്രകടനമാണ് എതിര്‍ ടീമിന്റെ തോൽവിയിൽ നിർണായകമായത്. എസ് സി സമുദായക്കാര്‍ പഠിക്കാനും ജീവിതനിലവാരം ഉയര്‍ത്താനും അവകാശമില്ലെ? തങ്ങള്‍ക്ക് നീതി വേണമെന്ന് ദേവേന്ദ്രന്റെ അമ്മാവന്‍ സുരേഷ് ആവശ്യപ്പെട്ടു.