കോട്ടയം: രണ്ടു പതിറ്റാണ്ടോളം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്ന ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഉഴവൂരിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നാളെയാണ് സംസ്‌കാരം.
ഇന്ത്യയുടെ പരിശീലകനായിരിക്കെ വിവിധ ഒളിംപിക്‌സുകളിൽ ഷൂട്ടിങ്ങിൽ രാജ്യത്തിനായി സ്വർണം, വെള്ളി മെഡലുകൾ നേടിയിരുന്നു. ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടേതടക്കം ഒട്ടേറെ താരങ്ങളുടെ പരിശീലകനായി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ നൂറിലധികം മെഡലുകൾ വെടിവെച്ചിട്ടത് ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്.
കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്തംബർ 26-നാണ് സണ്ണി തോമസിന്റെ ജനനം. പത്താം വയസിൽ നാടൻ തോക്കിലായിരുന്നു സണ്ണി തോമസിന്റെ ആദ്യ പരീക്ഷണം. കോട്ടയം റൈഫിൾ ക്ലബിൽ ചേർന്നതോടെ പരിശീലനം ശാസ്ത്രീയമായി. പിന്നീട് ഇംഗ്ലീഷ് അധ്യാപകനായപ്പോഴും തോക്കിനോടുള്ള കമ്പം വിട്ടില്ല. അഞ്ച് തവണ സംസ്ഥാന ചാമ്പ്യനും 1976-ൽ ദേശീയ ചാമ്പ്യനുമായി. 1993-ലാണ് ദേശീയ ഷൂട്ടിങ് പരിശീലകനായി സണ്ണി തോമസ് ചുമതലയേറ്റത്. 19 വർഷം ഇന്ത്യൻ ടീമിന്റെ ചീഫ് കോച്ചായിരുന്നു.
2001-ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ നൽകി രാജ്യം ആദരിച്ചത്. 2004-ൽ ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡൽ നേടിയ രാജ്യവർധൻ സിങ് റാത്തോഡും 2008-ൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം നേടിയ അഭിനവ് ബിന്ദ്രയും സണ്ണി തോമസിന്റെ പരിശീലന കരിയറിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. ജസ്പാൽ റാണ, അഞ്ജലി ഭാഗവത്, ഗഗൻ നാരംഗ് തുടങ്ങിയ പ്രമുഖരും ഇദ്ദേഹത്തിന്റെ ശിഷ്യനിരയിൽ പെടുന്നു. 2014-ലാണ് ഇദ്ദേഹം പരിശീലക ജീവിതത്തിന് വിരാമമിട്ടത്.