ന്യൂദല്‍ഹി: പ്രവചനങ്ങള്‍ പുലരുന്നുവെന്ന് തോന്നിപ്പിച്ചാണ് ഹരിയാനയില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നാം നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയിലേക്ക് നീങ്ങുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചതോടെ വിജയമുറപ്പിക്കാവുന്ന ലീഡിലേക്ക് കോണ്‍ഗ്രസിന് ഉയരാന്‍ കഴിഞ്ഞെങ്കിലും രണ്ടു മണിക്കൂര്‍ പിന്നിട്ടതോടെ മറിച്ചായി കാര്യങ്ങള്‍. അതുവരെ ശോകമൂകമായിരുന്ന ബിജെപി കേന്ദ്രങ്ങളെല്ലാം ഉണര്‍ന്ന് വിജയാഘോഷം തുടങ്ങിയിരുന്നു അപ്പോഴേക്കും.
ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിലും പ്രതീക്ഷയിലും മേല്‍ക്കൈ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് അടിതെറ്റിയത് എവിടെയാണ്? പ്രധാനമായും അഞ്ചു ഘടകങ്ങളാണ് പാര്‍ട്ടിയെ ഈ പരാജയത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ആദ്യത്തേത് തൊഴുത്തില്‍ക്കുത്താണ്. അധികാരത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മല്‍പ്പിടുത്തം തിരഞ്ഞെടുപ്പിന് മുമ്പെ തുടങ്ങിയതാണ്. ജയപരാജയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രി പദവി മുന്നില്‍ കണ്ടായിരുന്നു ഉന്നത നേതാക്കളുടെ നീക്കങ്ങള്‍. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭുപീന്ദര്‍ സിങ് ഹൂഡയും മറ്റൊരു മുതിര്‍ന്ന നേതാവ് കുമാരി ശെല്‍ജയും തമ്മിലുള്ള പോര് പരസ്യമായിരുന്നു. ഇതു രമ്യതയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് നന്നേ പാടുപെടേണ്ടി വന്നു. ഈ ഉള്‍പ്പോര് ഫലത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഐക്യമില്ല എന്ന സന്ദേശമാണ് നല്‍കിയത്. ഒറ്റക്കെട്ടാണെന്ന് കാണിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിലും സഖ്യമുണ്ടാക്കുന്നതിലും ഭുപീന്ദര്‍ സിങ് ഹൂഡയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി. ഇത് പാളിപ്പോയെന്ന് ഫലം വ്യക്തമാക്കുന്നു.
ജാട്ട് സമുദായ വോട്ടുകളുടെ ഏകീകരണവും കോണ്‍ഗ്രസിന് തിരിച്ചടിയായി. ജാട്ട് വോട്ടുകളെ കേന്ദ്രീകരിച്ചായിരുന്നു ഭുപീന്ദര്‍ സിങിന്റെ നീക്കങ്ങള്‍. ജാട്ടുകളുടെ മേല്‍ക്കൊയ്മയ്‌ക്കെതിരെ വികാരം ശക്തമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജാട്ട് സമുദായത്തിന്റെ സ്വാധീനം ഭരണത്തില്‍ തിരിച്ചെത്തുമെന്നും ജാട്ടി ഇതര സമുദായങ്ങള്‍ സംശയിച്ചിരിക്കണം. ഇതോടെ ജാട്ട് ഇതര സമുദായക്കാരുടെ വോട്ടുകളെല്ലാം ബിജെപിക്ക് അനൂകൂലമായി മാറി.
ഈ തിരഞ്ഞെടുപ്പില്‍ പലരും എഴുതിത്തള്ളിയ ബിജെപി ചിട്ടയായ പിന്നണി പ്രവര്‍ത്തനങ്ങളിലൂടെ ഫലം അനുകൂലമാക്കി മാറ്റുകയായിരുന്നു. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അടിത്തട്ടില്‍ ബിജെപി പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന് അനുകൂലമായിരുന്ന പൊതുജന പിന്തുണ അങ്ങനെ വിജയകരമായി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിമറിച്ചു.
നഗര മേഖലകളില്‍ ബിജെപിയുടെ മേല്‍ക്കൊയ്മയും കോണ്‍ഗ്രസിന് തിരിച്ചടിയായി. ഈ മേഖലകളില്‍ ബിജെപി തങ്ങളുടെ വോട്ടുകള്‍ ഏകീകരിച്ചിരുന്നു. അതേസമയം ഗ്രാമീണ മേഖലകളില്‍ തൂത്തൂവാരാമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കു കൂട്ടല്‍. പക്ഷെ അതു നടന്നില്ലെന്ന് ഫലം തെളിയിക്കുന്നു.
വോട്ട് ഓഹരിയുടെ കാര്യത്തില്‍ ബിജെപിയേക്കാള്‍ മുന്നിലാണ് കോണ്‍ഗ്രസുള്ളത്. എന്നാല്‍ പ്രാദേശിക കക്ഷികളുടേയും സ്വതന്ത്രരുടേയും വോട്ടുകള്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. തോറ്റ മണ്ഡലങ്ങളില്‍ മിക്കയിടത്തും നേരിയ വോട്ടുകള്‍ക്കാണ് പരാജയം. ബിജെപി ഭരണത്തിന് എതിരായ വികാരം ഇതര കക്ഷികളും മുതലെടുത്തത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.