തിരുവനന്തപുരം- ചരിത്രത്തിൽ തന്നെ സ്വന്തമായി യുദ്ധവിമാനമുള്ള സംസ്ഥാനമായിരിക്കും കേരളം. മറ്റ് രാജ്യങ്ങളെല്ലാം സ്വന്തമായി ഒരു യുദ്ധവിമാനത്തിനായി നെട്ടോട്ടമോടുമ്പോൾ തിരുവന്തപുരം അന്താരാഷ്ട്ര എയർ പോർട്ടിൽ ആരാരും തിരിഞ്ഞ് നോക്കാതെ കിടക്കുകയാണ് അത്യാധുനിക സാങ്കേതിക വിദ്യയുള്ള അമേരിക്കൻ നിർമ്മിതിയായ സൂപ്പർ സോണിക് സ്റ്റെൽത്ത് വിമാനം.


സാങ്കേതിക തകരാറുമൂലം അടിയന്തിരമായി താഴെയിറക്കിയതായിരുന്നു ഈ യുദ്ധ വിമാനം. ബ്ലൂ വെയിലും മോമോയും വന്ന് പരാജയം ഏറ്റുവാങ്ങിയ കേരളത്തിലാണ് വിമാനം ലാന്റ് ചെയ്തത് എന്നൊഴിച്ചാൽ അതിൽ മറ്റ് അബദ്ധം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനിടയിൽ ആരോ വിമാനം olx ൽ വിൽക്കാനും ഇട്ടതോട് കൂടിയാണ് സംഭവം വൈറലായത്. ലാന്റ് ചെയ്ത് ദിവസം കഴിയുന്തോറും ട്രോളുകളുടെ എണ്ണവും കൂടി വന്നു. വിമാനം നേരാക്കാൻ എത്തിയ എഞ്ചിനീയർമാരെല്ലാം വിയർത്തു.




അതിനിടയിൽ ട്രോളുകൾക്ക് ഔദ്യോഗിക സ്വഭാവവും കൈവന്നു. കെഎസ്ആർടിസി, മിൽമ, കേരള ടൂറിസം, എംവിഡി, സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ബോധവത്കരണത്തിനായും തങ്ങളുടെ ഡിപ്പാർട്മെന്റിന്റെ പരസ്യത്തിനായും എഫ്-35 ഉപയോഗിച്ചിരിക്കുകയാണ്. ബ്രിട്ടനിൽ നിന്ന് എഞ്ചിനീയർമാർ വന്ന് ഉടൻ തന്നെ ശെരിയാക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.




നിലവിൽ സ്വന്തമായി ആധാറും പാസ്പോർട്ടും എല്ലാമുള്ള ഒരു ഇന്ത്യൻ പൗരനാണ് എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനം.