ന്യൂഡൽഹി: എഥനോൾ ഉൽപ്പാദനത്തിനും ഉപയോഗത്തിനും ശക്തമായ പ്രോത്സാഹനം നൽകുന്നകേന്ദ്ര ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയുടെ നടപടി വിവാദങ്ങളിലേക്ക് വഴിമാറുകയാണ്. രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ എഥനോൾ കലർത്തണമെന്ന ഗഡ്കരിയുടെ നിലപാട് സ്വന്തം കുടുംബത്തിന്റെ ബിസിനസ്സ് താൽപ്പര്യങ്ങൾക്കു വേണ്ടിയാണ് എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. രാജ്യത്തെ കരിമ്പ് കർഷകരെ സഹായിക്കുക, പെട്രോളിയം ഇറക്കുമതി കുറക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമായി പറയപ്പെടുന്നതെങ്കിലും എഥനോൾ കലർത്തുന്ന പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിൻ നശിപ്പിക്കുന്നുവെന്ന പരാതികൾ ശക്തമാണ്.
പെട്രോളിൽ എഥനോൾ കലർത്തുന്ന എഥനോൾ ബ്ലെൻഡിംഗ് പദ്ധതിയുടെ സുപ്രധാന വക്താവ് ഗഡ്കരിയായിരുന്നു. 2025-ഓടെ രാജ്യത്തെ പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് 20 % ആവണമെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ, ഈ ലക്ഷ്യം 2023-ൽ തന്നെ കൈവരിച്ചതായി ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചേഴ്സ് അസോസിയേഷൻ പറയുന്നു. 2014-ൽ 1.53% ആയിരുന്ന എഥനോൾ ബ്ലെൻഡിംഗ് 2024-ഓടെ 15% ആയി ഉയർന്നിരുന്നു. 2025-ന് മുമ്പ് 20% എന്ന ലക്ഷ്യം പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് നിതിൻ ഗഡ്കരി കഴിഞ്ഞ ഒക്ടോബറിൽ പറഞ്ഞത്.
എഥനോൾ ഒരു “ക്ലീൻ ഫ്യൂവൽ” ആണെന്നും ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും കർഷരുടെ വരുമാനം വർദ്ധിപ്പിക്കുമെന്നും ഇന്ധന ഇറക്കുമതി കുറയ്ക്കുമെന്നുമാണ് ഗഡ്കരിയുടെ വാദം. 20% എഥനോൾ കലർത്തൽ എൻജിനുകൾക്ക് ദോഷം വരുത്തുമെന്ന ആരോപണങ്ങൾ പെട്രോളിയം ലോബിയുടെ കുപ്രചരണം എന്നാണ് അദ്ദേഹം ഈയിടെ ഒരു അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. “ബ്രസീലിൽ പെട്രോളിൽ 27% എഥനോൾ കലർത്തുന്നുണ്ട്. അവിടെ ആർക്കും പരാതികളില്ല. എല്ലാം സാങ്കേതികമായി പരിശോധിച്ചിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
ഈ വർഷം ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ഷുഗർ-എഥനോൾ ആൻഡ് ബയോ-എനർജി ഇന്ത്യ കോൺഫറൻസിൽ, എഥനോൾ വില ന്യായമായ തലത്തിൽ എത്തിക്കാൻ എണ്ണ മാർക്കറ്റിംഗ് കമ്പനികളുമായി (OMCs) ചർച്ച നടത്തുമെന്ന് ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. എഥനോളിന്റെ വില പെട്രോളിനേക്കാൾ കുറവായിരിക്കണമെന്ന് നിർദേശിച്ച അദ്ദേഹം ഷുഗർ ഫാക്ടറികൾക്ക് സ്വന്തമായി എഥനോൾ പമ്പുകൾ തുറക്കാൻ അനുവാദം നൽകുമെന്നും വ്യക്തമാക്കി.
ഗഡ്കരി സ്ഥാപിച്ച പുർതി ഗ്രൂപ്പ് എഥനോൾ ഉൽപ്പാദനം നടത്തുന്ന കമ്പനിയാണെന്നും ഈ ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനമായ പുർതി പവർ ആന്റ് ഷുഗർ ലിമിറ്റഡിന്റെ (PPSL) ഡയറക്ടർ ആയി ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി ആണെന്നുമുള്ള വെളിപ്പെടുത്തലുമാണ് മുതിർന്ന ബിജെപി നേതാവിനെതിരെ ഉയർന്നിരിക്കുന്നത്. 2014 ജൂണിൽ, ഗഡ്കരി കേന്ദ്രമന്ത്രിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ PPSL, പുണെ ആസ്ഥാനമായുള്ള പ്രജ് ലിമിറ്റഡുമായി ചേർന്ന് നാഗ്പൂർ ബേലയിൽ ബയോമാസ് അടിസ്ഥാനമാക്കിയുള്ള എഥനോൾ പ്ലാന്റ് സ്ഥാപിക്കാുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. പുർതി ഗ്രൂപ്പിൽ നിന്ന് വേർപെടുത്തിയ മാനസ് ആഗ്രോ ഇൻഡസ്ട്രീസ്, CIAN ആഗ്രോ ഇൻഡസ്ട്രീസ് എന്നിവയാണ് ഇപ്പോൾ ഗഡ്കരിയുടെ മക്കളായ നിഖിലും സാരംഗും നടത്തുന്നത്. 2024 ജനുവരിയിൽ, CIAN ആഗ്രോ ചെന്നൈ ആസ്ഥാനമായുള്ള റാം ചരൺ ഗ്രൂപ്പുമായി കാർബൺ ഡൈ ഓക്സൈഡിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു ധാരണാപത്രം (MoU) ഒപ്പിട്ടു. ഈ കമ്പനികൾ എഥനോൾ ഉൽപ്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മാനസ് ആഗ്രോ, എഥനോൾ ഉൽപ്പാദനത്തിന് പുറമെ, മോളാസസിൽ നിന്ന് റം, വിസ്കി തുടങ്ങിയ മദ്യവും ഉൽപ്പാദിപ്പിക്കുന്നുണ്ട്. 2018-ൽ, തന്റെ മക്കൾ നടത്തുന്ന ബിസിനസ്സ് 1,100 കോടി രൂപയുടെ വിറ്റുവരവ് നേടിയതായി നിതിൻ ഗഡ്കരി വെളിപ്പെടുത്തിയിരുന്നു. 5,000 കോടി രൂപയിലേക്ക് ഈ വിറ്റുവരവ് ഉയർത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രൂപീകരിച്ച എഥനോൾ നയം അദ്ദേഹത്തിന്റെ കുടുംബ ബിസിനസ്സിന് ഗുണം ചെയ്യുന്നതിനു വേണ്ടിയുള്ളതാണെന്ന ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ ഗഡ്കരി ഈ ആരോപണങ്ങളെ രാഷ്ട്രീയ ഗൂഢാലോചനയായി തള്ളിക്കളയുകയാണ് ചെയ്യുന്നത്. “എന്റെ കുടുംബ കമ്പനികൾ വർഷം 30 കോടി രൂപയുടെ നഷ്ടത്തിലാണ്. 1.3 ലക്ഷം ലിറ്റർ എഥനോൾ മാത്രമാണ് ഞങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്. ഇത് വളരെ നിസ്സാരമാണ്.” ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ഗഡ്കരി പറഞ്ഞു. എന്നാൽ, കേന്ദ്രത്തിന്റെ എഥനോൾ പദ്ധതിക്കു വേണ്ടി എഥനോൾ വിതരണം ചെയ്യുന്ന പുർതി പവർ ആൻഡ് ഷുഗർ ലിമിറ്റഡ്, മഹാത്മ ഷുഗർ ആൻഡ് പവർ ലിമിറ്റഡ്, വൈനഗംഗ ഷുഗർ ആൻഡ് പവർ ലിമിറ്റഡ്, മാനസ് ആഗ്രോ തുടങ്ങിയ കമ്പനികൾക്ക് ഗഡ്കരിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് ഇന്ത്യൻ ഹെറാൾഡ് ഈയിടെ റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ഗഡ്കരിക്കെതിരെ ആരോപണം ശക്തമായിരിക്കുന്നത്.
പെട്രോളിൽ കൂടിയ അളവിൽ എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ എഞ്ചിനുകളിൽ കേടുപാടുകൾ ഉണ്ടാകാനിടയാക്കുമെന്നും ഇന്ധനക്ഷമത 5-6% കുറയ്ക്കുമെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.