- ആശയപരമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ ഭീകര സംഘടനായി ലീഗ് കാണുന്നില്ല. എസ്.ഡി.പി.ഐയുമായി ലീഗിന് ഒരു സഖ്യവുമില്ലെന്നും ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ
- ജമാഅത്തെ ഇസ്‌ലാമി ലീഗിനെ കൊണ്ട് കയ്പ്പുള്ള കഷായം കുടിപ്പിച്ചെന്നും ഇത് കേരളത്തിന് ഗുണകരമാണോയെന്ന് സമൂഹം ചർച്ച ചെയ്യണമെന്ന് സി.പി.എം നേതാവ് പി ജയരാജൻ
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യമുണ്ടാക്കി അവരുടെ വോട്ട് വാങ്ങി മത്സരിച്ച സി.പി.എം ഇപ്പോൾ അവരെ കൂടെക്കിട്ടാതെ വന്നപ്പോൾ ഭീകരരാക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും വളർത്തുന്നത് മുസ്‌ലിം ലീഗ് ആണെന്ന ആരോപണം തീർത്തും തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമിയെ ഭീകര സംഘടനായി ലീഗ് കാണുന്നില്ല. എസ്.ഡി.പി.ഐയുമായി ലീഗിന് ഒരു സഖ്യവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടായിരുന്നു. അത് ഒളിച്ചുവെയ്‌ക്കേണ്ട കാര്യമല്ല. എന്നാൽ, സി.പി.എം ചെയ്യുന്നത് പോലെ അത് തരാതരം മാറ്റിപ്പറയുകയും നിഷേധിക്കുകയും ചെയ്യേണ്ട ഗതികേട് ലീഗിനില്ല. സി.പി.എം പിന്തുണയ്ക്കനുസരിച്ച് പതിച്ചുകൊടുക്കുന്നതല്ല മതനിരപേക്ഷ പട്ടവും തീവ്രവാദ ചാപ്പയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള കുരുട്ടു ബുദ്ധിയാണ് പുറത്തെടുക്കുന്നത്. ബി.ജെ.പിക്ക് സമാന സമീപനമാണ് സി.പി.എമ്മിന്റേത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയക്കളി സി.പി.എം ഉപേക്ഷിക്കണം. പിണറായി വിജയന് പറ്റുന്ന ജാള്യത മറച്ചുവെക്കാനുള്ള സൂത്ര വിദ്യകളാണിതെന്നും ഇ.ടി തുറന്നടിച്ചു.
പൊന്നാനിയിൽ പി.ഡി.പിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചത് സി.പി.എം മറന്നുപോയോ? ഓരോ ഘട്ടത്തിലും സി.പി.എം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയുമായി പലഘട്ടങ്ങളിലും അടുത്ത ബന്ധം പിണറായി വിജയന്റെ നയങ്ങളിൽ ഉണ്ടായിട്ടുണ്ട്.
പിണറായി വിജയന്റെ പാർട്ടിയും ജമാഅത്തുകാരുടെ വോട്ട് വാങ്ങി അവരുമായി സഖ്യമുണ്ടാക്കിയവരാണ്. എന്നിട്ട്, ഇപ്പോൾ അവരിൽ ഭീകരത കണ്ടെത്തുന്നത് വിചിത്രമാണ്. സി.പി.എമ്മിന് താത്വികമായ അടിത്തറയില്ല. അതുകൊണ്ടാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെ മേൽവിലാസം ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. സി.പി.എമ്മിന്റെയും പിണറായിയുടെയും സോഫ്റ്റ് ലൈൻ ലീഗിന് ആവശ്യമില്ലെന്നും ഇ.ടി വ്യക്തമാക്കി.
അതേസമയം, ജമാഅത്തെ ഇസ്‌ലാമി ലീഗിനെ കൊണ്ട് കയ്പ്പുള്ള കഷായം കുടിപ്പിച്ചെന്നും ഇത് കേരളത്തിന് ഗുണകരമാണോയെന്ന് സമൂഹം ചർച്ച ചെയ്യണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.