ന്യൂഡല്‍ഹി – പ്രൊവിഡന്‍റ് ഫണ്ടിലെ തുക നൂറുശതമാനം വരെ പിൻവലിക്കാവുന്നതരത്തിൽ പുതിയ പ്രഖ്യാപനവുമായി ഇപിഎഫ്ഒ. ജീവനക്കാരുടെയും തൊഴിലുടമയുടെയും വിഹിതം ഉള്‍പ്പെടെ പിഎഫ് അക്കൗണ്ടില്‍ അര്‍ഹമായ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ ഇപിഎഫ്ഒ അനുവദിച്ചു. ഇനി പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെതന്നെ ഫണ്ട് പിൻവലിക്കാനാകും. തുക പിൻവലിക്കുന്നതിനുള്ള ചുരുങ്ങിയ സർവീസ് 12 മാസമാക്കി കുറയ്ക്കുകയും ചെയ്തു.
കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിർണായക തീരുമാനം. നേരത്തെ, തൊഴിലില്ലായ്മയോ വിരമിക്കലോ ഉണ്ടായാല്‍ മാത്രമേ പൂര്‍ണ്ണമായ പിന്‍വലിക്കല്‍ അനുവദിച്ചിരുന്നുള്ളൂ. അംഗത്തിന് ഒരു മാസം ജോലിയില്ലാതെ കഴിയേണ്ടി വന്നാല്‍ പിഎഫ് ബാലന്‍സിന്റെ 75 ശതമാനവും രണ്ടു മാസത്തിന് ശേഷം ബാക്കി 25 ശതമാനവും പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നിരുന്നാലും, വിരമിക്കുമ്പോള്‍ പൂര്‍ണ്ണ തുക പരിധിയില്ലാതെ പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നു.
ഭൂമി വാങ്ങുന്നതിനോ, പുതിയ വീടിന്റെ നിര്‍മ്മാണത്തിനോ, ഇഎംഐ തിരിച്ചടവിനോ വേണ്ടി ഭാഗികമായി പിന്‍വലിക്കല്‍ നടത്തുകയാണെങ്കില്‍ ഇപിഎഫ് അംഗങ്ങള്‍ക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടിലുള്ള അര്‍ഹമായ തുകയുടെ 90 ശതമാനം വരെ പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്നു.ഇതാണ് ഇപ്പോള്‍ 100 ശതമാനമാക്കിയത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിലെ 13 സങ്കീർണവകുപ്പുകളെ ഏകീകരിച്ചുകൊണ്ട് മൂന്ന് വിഭാഗമാക്കിയാണ് ഭാഗിക പിൻവലിക്കൽ ഉദാരമാക്കിയത്. അത്യാവശ്യ കാര്യങ്ങൾ (രോഗം, വിദ്യാഭ്യാസം, വിവാഹം), ഭവന നിർമാണം, പ്രത്യേക സാഹചര്യങ്ങൾ (പ്രകൃതിദുരന്തം, സ്ഥാപനം അടച്ചുപൂട്ടൽ, തുടർച്ചയായ തൊഴിലില്ലായ്മ, മഹാമാരി തുടങ്ങിയവ) എന്നിങ്ങനെയാണ് തരംതിരിച്ചത്.
മുമ്പ്, പ്രത്യേക സാഹചര്യങ്ങളിൽ പണം പിൻവലിക്കുമ്പോൾ കാരണം വ്യക്തമാക്കണമായിരുന്നെങ്കിൽ ഇനിയതിൻ്റെ ആവശ്യമില്ല.അതേസമയം, അംഗങ്ങള്‍ എല്ലായ്പ്പോഴും 25 ശതമാനം മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത് പലിശ നിരക്ക് (നിലവില്‍ 8.25% വാര്‍ഷിക പലിശ) ലഭിക്കാന്‍ സഹായിക്കും.