ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തപുരയിൽ ഭീകരവാദികളും സുരക്ഷാ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. അവന്തിപുരയിലെ നാദർ മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചതായും പൊലീസും സുരക്ഷാ സൈനികരും രംഗത്തുണ്ടെന്നും കശ്മീർ സോൺ പൊലീസ് സമൂഹമാധ്യയമായ എക്‌സിൽ കുറിച്ചു.
ഒരു കെട്ടിടത്തിനുള്ളിൽ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ ഉണ്ടെന്ന് വിവരം ലഭിച്ച സുരക്ഷാ സൈന്യം കെട്ടിടം വളയുകയായിരുന്നുവെന്നും വെടിവെപ്പിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയ്ക്കു നേരെ ഷോപ്പിയാൻ സുരക്ഷാ സൈന്യം ‘ഓപറേഷൻ കെല്ലർ’ നടത്തി 48 മണിക്കൂറിനുള്ളിലാണ് അവന്തിപുരയിലെ ഏറ്റുമുട്ടൽ. ഷോപ്പിയാനിൽ സംഭവത്തിൽ മൂന്ന് ലഷ്‌കർ തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിൽ രണ്ടു പേർ ഷോപ്പിയാൻ സ്വദേശികളാണ്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരുവരുടെയും കുടുംബ വീടുകൾ അധികൃതർ പൊളിച്ചുനീക്കിയിരുന്നു.
ഓപറേഷൻ കെല്ലറിൽ റൈഫിളുകളും വെടിയുണ്ടകളും ഗ്രനേഡുകളും അടങ്ങുന്ന നിരവധി ആയുധങ്ങൾ സുരക്ഷാ സൈന്യം കണ്ടെത്തി.