ശ്രീനഗർ- ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേന തീവ്രവാദികളുമായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ വെടിവച്ച് കൊന്നതിന് മണിക്കൂറുകൾക്ക് ശേഷവും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ തീവ്രവാദികൾ കൊലപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്ന് വൈകിട്ട് വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചത്. കുൽഗാമിലെ താനിമാർഗിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള തീവ്രവാദികൾക്കും അവരെ നയിച്ചവർക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. അക്രമികളോട് നേരിട്ട് പ്രതികാരം ചെയ്യുമെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇത്തരം പ്രവൃത്തികൾക്ക് ഉത്തരവാദികളായവർക്ക് അധികം വൈകാതെ ശക്തമായ തിരിച്ചടി നൽകും. ഈ ക്രൂരത നടത്തിയ രാക്ഷസന്മാരെ മാത്രമല്ല, തിരശ്ശീലയ്ക്ക് പിന്നിൽ ഒളിച്ചിരിക്കുന്നവരെയും ഞങ്ങൾ കണ്ടെത്തും. ആക്രമണകാരികളെയും അവരുടെ യജമാനന്മാരും ഞങ്ങളുടെ വലയിൽ വീഴും. ജമ്മു കശ്മീർ സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ മേധാവി, മൂന്ന് സൈനിക മേധാവികൾ എന്നിവരുമായി രണ്ടര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
ഭീകരതയെ നേരിടുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും. ഇന്ത്യയ്ക്ക് ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയമുണ്ട്. ആവശ്യമായതും ഉചിതവുമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും. ഇന്ത്യ ഒരു പുരാതന രാഷ്ട്രമാണ്, ഭീകരതയെ ഞങ്ങൾ ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.