ന്യൂഡൽഹി– റമൺ മാഗ്സസെ അവാർഡ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സന്നദ്ധ സംഘടനയായി എജുക്കേറ്റ് ഗേൾസ്. 2025ലെ മാഗ്സസെ അവാർഡ് ജേതാക്കളിൽ ഏക സംഘടനയുമാണ് ഫൗണ്ടേഷൻ എജുക്കേറ്റ് ഗേൾസ്. രാജ്യത്തിന് ഇത് ചരിത്ര നിമിഷമെന്ന് സംഘടന സ്ഥാപകയായ സഫീന ഹുസൈൻ പ്രതികരിച്ചു. ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ വിദ്യാഭ്യാസത്തിൽ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ പോരാടി പെൺകുട്ടികളെ പഠനത്തെ പ്രോത്സാഹിപ്പിച്ചതിനാണ് ഈ പുരസ്‌കാരം. വെറുമൊരു ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഈ പ്രസ്ഥാനം സമൂഹത്തെ മാറ്റി മറിക്കുകയും മാഗ്സസെ പുരസ്‌കാരത്തോടെ ‘എജുക്കേറ്റ് ഗേൾസ്’ ആഗോള ശ്രദ്ധ നേടിയതായും സഫീന ഹുസൈൻ പറഞ്ഞു.
രാജസ്ഥാനിൽ പ്രവർത്തനം ആരംഭിച്ച ലാഭരഹിത സർക്കാർ ഇതര സംഘടന 30,000ത്തിലധികം ഗ്രാമങ്ങളിൽ നിന്നായി 20 ലക്ഷത്തിലേറെ പെൺകുട്ടികളെയാണ് ഇതിനകം വിദ്യഭ്യാസത്തിലേക്ക് നയിച്ചത്. ഇതിൽ 90 ശതമാനം പെൺകുട്ടികളും പഠനം തുടർന്നിട്ടുമുണ്ട്. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ സംഘന പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് മാഗ്സസെ അവാർഡ് ലഭിക്കുന്ന ആദ്യത്തെ സംഘടനയാണ് എജുക്കേറ്റ് ഗേൾസെന്ന് സിഇഒ ഗായത്രി നായർ പറഞ്ഞു. പഠിക്കാൻ വേണ്ടി തളരാതെ കഷ്ടപ്പെടുന്ന തങ്ങളുടെ പെൺകുട്ടികൾക്ക് ഈ അവാർഡ് സമർപ്പിക്കുന്നെന്നും അവർ പറഞ്ഞു. മാൽദ്വീപിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തക ഷാഹിന അലി, ഫിലിപ്പീൻ മനുഷ്യാവകാശ പ്രവർത്തകൻ ഫ്ലാവ്യാനോ അന്റോണിയോ എൽ വില്ലാനുവേവ എന്നിവരാണ് മാഗ്സസെ അവാർഡ് 2025 ലഭിച്ച മറ്റ് രണ്ട് പേർ.
ഗ്രാമീണ മേഖലകളിൽ ബോധവൽകരണം നടത്തുക, സ്‌കൂൾ പ്രവേശനത്തിനായി ക്യാമ്പയിനുകൾ നടത്തുക എന്നതാണ് ഇവരുടെ പ്രവർത്തന ശൈലി. പെൺകുട്ടികൾക്ക് സൗജന്യ പഠന സാമഗ്രികൾ, സ്‌കൂൾ യൂണിഫോം, സൈക്കിൾ എന്നിവ വിതരണം ചെയ്യുക, വിദ്യാഭ്യാസം പകുതിയിൽ നിർത്തിയ പെൺകുട്ടികളെ വീണ്ടും പഠനത്തിലേക്ക് എത്തിക്കുക, ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുന്ന എന്നിങ്ങനെ നിരവധി കാര്യങ്ങൾ എജുക്കേറ്റ് ഗേൾസ് ചെയ്തു വരുന്നു. വിദ്യാഭ്യാസം വഴി പെൺകുട്ടികൾക്ക് സ്വയം പര്യാപ്തതയും തൊഴിൽ സാധ്യതകളും വർധിപ്പിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. ഇതിനു പുറമെ അർഹരായവർക്ക് സ്‌കൂൾ, കോളജ്, ഹോസ്റ്റൽ സ്‌കോളർഷിപ്പുകളും ഇവർ നൽകുന്നുണ്ട്.