തിരുവനന്തപുരം: എ ഐ സി സി വക്താവും കണ്ണൂർ സ്വദേശിനിയുമായ ഡോ. ഷമ മുഹമ്മദിനെ പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും നീക്കി കെ.പി.സി.സി മീഡിയ സെൽ. നേതൃത്വത്തിന്റെ നിർദേശാനുസരണം കെ.പി.സി.സി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള അഡ്മിൻമാരിൽ ഒരാളായ അഡ്വ. ദീപ്തി മേരി വർഗീസാണ് ഷമയെ റിമൂവ് ചെയ്തതെന്നാണ് വിവരം.
സംഭവത്തിൽ പരാതിയുമായി ഷമ മുഹമ്മദ് ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുകയാണ്. ആറു മാസം മുമ്പൊരിക്കലും ഇത്തരമൊരു ദുരനുഭവം ഷമയ്ക്കുണ്ടായെന്നും അന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ഇടപെട്ടാണ് വീണ്ടും ചേർത്തതെന്നും പറയുന്നു.
മലയാള ഭാഷയിൽ ഷമയ്ക്കുള്ള പരിമിതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് നേതൃത്വത്തിലെ ചിലരുടെ കുറ്റപ്പെടുത്തൽ. കെ.പി.സി.സി മാധ്യമ സെല്ലിനെ അറിയിക്കാതെ മലയാള മാധ്യമങ്ങളിൽ ഷമ ചർച്ചയിൽ പങ്കെടുത്തുവെന്നും ഇതാണ് നടപടിക്ക് കാരണമെന്നും പറയുന്നുണ്ട്. എ.ഐ.സി.സി വക്താവെന്ന നിലയ്ക്ക് പ്രാദേശിക മാധ്യമങ്ങളുടെ ചർച്ചകളിൽ ഷമ പങ്കെടുക്കേണ്ടതില്ലെന്നും നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്നുമാണ് നടപടിയെ ന്യായീകരിക്കുന്നവർ പറയുന്നത്.

എന്നാൽ, അഖിലേന്ത്യാ വക്താവിനെതിരേയുള്ള കേരള സെല്ലിന്റെ നടപടി തന്റെ വ്യക്തിത്വത്തിനു നേർക്കുള്ള അപമാനമാണെന്ന് ഷമ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു നടപടിക്ക് പിന്നിലെ കാരണം അറിയണമെന്നും തന്നോട് ചോദിക്കാതെ ഏകപക്ഷീയ തീരുമാനം അടിച്ചേൽപ്പിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.