പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ രോഷം പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി(രാം വിലാസ്) പാർട്ടിയിൽനിന്നുള്ള 22 പാർട്ടി നേതാക്കൾ ഒരേസമയം രാജി സമർപ്പിച്ചു. ഇവർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയെ പിന്തുണക്കും.
മുൻ മന്ത്രി രേണു കുശ്‌വാഹ, മുൻ എംഎൽഎയും എൽ.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാർ, സംസ്ഥാന സംഘടനാ ചുമതലയുള്ള നേതാവ് രവീന്ദ്ര സിംഗ്, അജയ് കുശ്‌വാഹ, സഞ്ജയ് സിംഗ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ഡാംഗി എന്നിവരും രാജിവച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. പാർട്ടി അണികൾക്കുള്ളിലെ അതൃപ്തിയിൽ നിന്നാണ് രാജി തരംഗം ഉടലെടുത്തത്. പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ പണം വാങ്ങി ലോക്സഭ ടിക്കറ്റുകൾ വിറ്റതായി ആരോപണം ഉയർന്നിരുന്നു.
“പുറത്തുനിന്നുള്ള ആളുകൾക്ക് പകരം പാർട്ടി പ്രവർത്തകർക്ക് ടിക്കറ്റ് നൽകണം. പുറത്തുനിന്നുള്ളവർക്ക് ടിക്കറ്റ് നൽകുന്നു എന്നതിന് അർത്ഥം കഴിവുള്ളവർ പാർട്ടിയിൽ ഇല്ല എന്നാണ്. പുറത്തുനിന്നുള്ള ഒരാൾക്ക് ടിക്കറ്റ് നൽകിയപ്പോൾ ഞങ്ങളുടെ പാർട്ടിക്കൂറ് ചോദ്യം ചെയ്യപ്പെട്ടു. പാർട്ടി നേതാവിന്റെ തൊഴിലാളികളായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും പാർട്ടിയിൽ നിന്നുള്ള രാജിയെക്കുറിച്ച് മുൻ എം.പി രേണു കുശ്വാഹ പറഞ്ഞു,
എൽജെപി നേതാക്കൾ ഇനി ഇന്ത്യാ ബ്ലോക്കിനെ പിന്തുണയ്ക്കുമെന്ന് മുൻ എംഎൽഎയും എൽജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാർ പറഞ്ഞു. രാജ്യത്ത് ഇത്രയും സുപ്രധാനമായ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ എൽജെപി നേതാവ് അർഹതയില്ലാത്തവർക്ക് ടിക്കറ്റ് നൽകിയത് പാർട്ടി പ്രവർത്തകരെ അത്ഭുതപ്പെടുത്തുന്നു. രാജ്യത്തെ രക്ഷിക്കാൻ, ഇന്ത്യൻ സഖ്യത്തെ പിന്തുണയ്ക്കണം. ഇപ്പോൾ ഞങ്ങൾ ഇന്ത്യൻ സഖ്യത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിരാഗ് പാസ്വാൻ ടിക്കറ്റുകൾ വിറ്റതായി പാർട്ടിയുടെ സംഘടനാ സെക്രട്ടറി രവീന്ദ്ര സിംഗ് ആരോപിച്ചു. “ചിരാഗ് പാസ്വാൻ ബീഹാറിലെ ജനങ്ങളുമായി വൈകാരികമായ കളിയാണ് കളിച്ചത്. ഞങ്ങളുടെ കഠിനാധ്വാനത്താൽ അഞ്ച് സീറ്റ് ലഭിച്ചപ്പോൾ അദ്ദേഹം ആ ടിക്കറ്റുകളെല്ലാം വിറ്റു. ബിഹാറിലെ ജനങ്ങൾ അദ്ദേഹത്തിന് മറുപടി നൽകും.
ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളിൽ വൈശാലി, ഹാജിപൂർ, സമസ്തിപൂർ, ഖഗാരിയ, ജാമുയി എന്നീ സീറ്റുകളിലാണ് മത്സരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 25 നും ഏഴാം ഘട്ടം ജൂൺ 1 നും നടക്കും.