ന്യൂഡൽഹി – സായുധ സേനകളിൽ പൈലറ്റായി പുരുഷന്മാരെ മാത്രം നിയമിക്കുന്നത് ന്യായമല്ലെന്ന് ഡൽഹി ഹൈക്കോടതി. വ്യോമസേനയിൽ പ്രവേശിക്കുന്നതിന് പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ വിവേചനം കാണിക്കേണ്ട കാലഘട്ടമല്ല ഇതെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരിയെ പൈലറ്റായി നിയമിക്കാന്‍ ഉത്തരവിട്ടു.
ജസ്റ്റിസ് സി ഹരിശങ്കർ, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ചിൻ്റയാണ് തീരുമാനം. സൈന്യത്തിലെ 92 പൈലറ്റുമാരുടെ ഒഴിവിലേക്ക് 2023 മേയ് 17-നാണ് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. രണ്ടൊഴിവ് സ്ത്രീകൾക്കും 90 എണ്ണം പുരുഷന്മാർക്കുമായാണ് സംവരണം ചെയ്തത്. ഈ രണ്ടൊഴിവിലേക്കും നിയമനമായെങ്കിലും ശേഷിക്കുന്ന 90 ഒഴിവിൽ 70 എണ്ണമേ നികത്താനായുള്ളു. വനിതകളുടെ റാങ്ക് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള അർച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്. തസ്തികയ്ക്കാവശ്യമായ ഫിറ്റ് ടു ഫ്‌ളൈ സര്‍ട്ടിഫിക്കറ്റ് ഹര്‍ജിക്കാരിക്കുണ്ടെന്ന് കോടതി വിലയിരുത്തി.
ഒഴിവു നികത്താത്ത 20 തസ്തികകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തിട്ടില്ല. ഇത്ര ഒഴിവുകളുണ്ടായിട്ടും വനിതകളുടെ റാങ്ക് പട്ടികയിൽ ഏഴാമതുള്ള ഹർജിക്കാരിയെ നിയമിക്കാത്തതിന് ന്യായീകരണമില്ല. ബാക്കിയുള്ള സീറ്റുകളിലേക്കും യോഗ്യരായ വനിതകളെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.