ന്യൂഡൽഹി– യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസിൽ നിർണായകമായ വഴിത്തിരിവ്. വധശിക്ഷക്ക് വിധിച്ച ജൂലൈ 16 എന്ന തീയതി മാറ്റി വെക്കണം എന്ന് ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാർ യമനിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചതായി അറ്റോർണി ജനറൽ സുപ്രീം കോടതി മുമ്പാകെ അറിയിച്ചു. ആവശ്യം യെമൻ അംഗീകരിക്കുമെന്നും അറ്റോർണി ജനറൽ പറഞ്ഞു.
എന്നാൽ, ഇന്ത്യൻ എംബസികൾ യെമനിൽ പ്രവർത്തനക്ഷമം എല്ലാത്തതിനാൽ ഇന്ത്യൻ ഗവൺമെന്റിന് യെമനിൽ ഇടപെടുന്നതിന് പരിമിതികളുള്ളതിനാൽ യെമനിലെ ശൈഖുമാർ മുഖേനയും ഇടപെടലുകൾ നടക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു. നയതന്ത്രപരമായ പരിമിതികൾ ഉള്ളതിനാൽ കൂടുതൽ കാര്യങ്ങളൊന്നും വെളിപ്പെടുത്താൻ കഴിയില്ല എന്ന് അറ്റോർണി ജനറൽ അറിയിച്ചു.
നിമിഷപ്രിയക്ക് വേണ്ടി ദയാദനം നൽകാൻ ആക്ഷൻ കൗൺസിൽ വഴി തയ്യാറാണെന്ന് അറ്റോർണി ജനറൽ മുഖേന യമനിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് മുമ്പാകെ ഊന്നിപറഞ്ഞിട്ടുണ്ട്. ആവശ്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈകൊള്ളാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചതായും അറ്റോർണി ജനറൽ അറിയിച്ചു.