ശ്രീനഗർ– ബന്ദിപുര ജില്ലയിലെ ഖുറേസ് താഴ്വരയിലൂടെ നുഴഞ്ഞു കയറ്റത്തിനിടെ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ കൊടും ഭീകരനാണെന്ന് സുരക്ഷാ സേന. പാക് അധീന കശ്മീരിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ നേതൃത്വം നൽകിയിരുന്ന ബാഗു ഖാൻ എന്ന സമന്ദർ ചാച്ചയെയാണ് സുരക്ഷ സേന വധിച്ചത്. ആഗസ്ത് 23നാണ് നിയന്ത്രണ രേഖക്ക് സമീപം നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാളും മറ്റൊരു ഭീകരനും കൊല്ലപ്പെട്ടത്. അതിർത്തിയിൽ സംശയകരമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇരുവരെയും തടയാൻ ശ്രമിക്കുന്നതിനിടെ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
1995 മുതൽ പാക് അധീന കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു ബാഗു ഖാൻ നുഴഞ്ഞു കയറാനുള്ള രഹസ്യ പാതകളെ കുറിച്ചും ഭൂപ്രദേശത്തെ കുറിച്ചും വ്യക്തമായി ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ ഭീകര സംഘടനകൾക്കും വേണ്ടപ്പെട്ടവനായിരുന്നു ഇയാൾ. സുരക്ഷാ സേനയുടെ പിടിയിൽപെടാതെ അതിർത്തി കടക്കാൻ ഇയാൾ ഭീകരർക്ക് സൗകര്യം ഒരുക്കിയിരുന്നതായി സൈന്യം വ്യക്തമാക്കി. ഹിസ്ബുൽ മുജാഹിദീൻ കമാൻഡറായിരുന്ന ഇയാൾ നൂറോളം നുഴഞ്ഞുകയറ്റങ്ങൾക്ക് നേതൃത്വം നൽകിയതായാണ് റിപ്പോർട്ട്. വർഷങ്ങളായി സുരക്ഷാ സേനയുടെ പിടിയിൽ നിന്ന് വഴുതി മാറിയിരുന്ന ഭീകരൻ ഹ്യൂമൻ ജിപിഎസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇയാളുടെ മൃതദേഹത്തിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ രേഖ പ്രകാരം പാകിസ്താനിലെ മുസഫറാബാദ് സ്വദേശിയാണ് ബാഗു ഖാൻ.