ചെന്നൈ: ആൾക്കൂട്ടങ്ങൾ വോട്ടായി മാറില്ലെന്ന് മക്കൾ നീതി മയ്യം അധ്യക്ഷനും എം.പി.യുമായ കമൽ ഹാസൻ. നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ പര്യടനങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “എന്റെ ഉൾപ്പെടെ എല്ലാ നേതാക്കളുടെയും കാര്യത്തിൽ ഇത് ബാധകമാണ്. ആളുകൾ ഒത്തുചേരുന്നതുകൊണ്ട് വിജയം ഉറപ്പല്ല. നല്ല പാതയിലൂടെ ധൈര്യമായി മുന്നോട്ടുപോകണം, ജനങ്ങൾക്കായി പ്രവർത്തിക്കണം,” കമൽ ഹാസൻ വ്യക്തമാക്കി. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച അദ്ദേഹം, പുരസ്കാരം ലഭിക്കാത്തതിൽ ആരും ദുഃഖിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
അതിനിടെ, വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ജില്ലാ നേതാക്കൾക്കെതിരെ നാഗപട്ടണത്ത് പൊലീസ് കേസെടുത്തു. പ്രചാരണ പരിപാടിക്കിടെ പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചതിനും വേളാങ്കണ്ണി പള്ളിയുടെ ഉടമസ്ഥതയിലുള്ള വിവാഹ ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിൽ തകർത്തതിനുമാണ് കേസ്. തിരുച്ചിറപ്പള്ളിയിലെ പര്യടനത്തിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി ടിവികെ-യ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടയിൽ, വിജയ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി തമിഴ്നാട് സർക്കാർ രംഗത്തെത്തി. പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തര മന്ത്രിയോ സംസ്ഥാനത്തെത്തുമ്പോൾ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നും ടിവികെ-യ്ക്ക് മാത്രമാണ് നിബന്ധനകളെന്നുമായിരുന്നു വിജയ്‌യുടെ ആരോപണം. എന്നാൽ, 2024 ഏപ്രിൽ 9-ന് ചെന്നൈയിൽ നടന്ന പ്രധാനമന്ത്രിയുടെ റാലിക്ക് പൊലീസ് 20 നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നതായി സർക്കാരിന്റെ വസ്തുതാന്വേഷണ സമിതി വ്യക്തമാക്കി.