ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തന്റെ പദവി രാജിവച്ചതിനു പിന്നിൽ ബിജെപി നേതൃത്വവുമായുള്ള ഭിന്നതയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് വൻതോതിൽ പണം കണ്ടെടുത്ത സംഭവത്തിൽ പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻകറിന്റെ തീരുമാനം കേന്ദ്രസർക്കാരിന്റെ നയത്തിന് വിരുദ്ധമായതാണ് രാജിക്ക് കാരണമായത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാത്രി ധൻകർ അപ്രതീക്ഷിതമായി രാജിവച്ചെങ്കിലും, ഈ നടപടി ബിജെപിയുടെ ആസൂത്രിത നീക്കത്തിന്റെ ഫലമാണെന്നാണ് സൂചന.
ജസ്റ്റിസ് വർമയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം അംഗീകരിച്ച ധൻകറിന്റെ നടപടി ബി.ജെ.പി കണക്കുകൂട്ടലുകൾ തകിടം മറിച്ചു. ഇതോടെ, ധൻകർ “പരിധി ലംഘിച്ചു” എന്ന് ബിജെപി നേതൃത്വം വിലയിരുത്തി അവിശ്വാസ പ്രമേയത്തിനുള്ള നീക്കം ആരംഭിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
പ്രതിപക്ഷത്തിന്റെ പ്രമേയം ധൻകർ അംഗീകരിച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിർന്ന മന്ത്രിമാർ ഒരു യോഗം ചേർന്നു. തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ ഓഫിസിൽ മറ്റൊരു യോഗം നടന്നു. ബിജെപിയുടെ ചീഫ് വിപ്പിനോട് ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും വിളിച്ചുവരുത്താൻ രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. പത്ത് പേർ വീതമുള്ള ഗ്രൂപ്പുകളായാണ് എംപിമാർ എത്തിയത്, ഒരു പ്രധാന പ്രമേയത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. ബിജെപി എംപിമാർക്കു പിന്നാലെ എൻഡിഎ ഘടകകക്ഷികളിലെ രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു.
ഈ പ്രമേയത്തെക്കുറിച്ച് പുറത്ത് പറയരുതെന്നും, അടുത്ത നാല് ദിവസം ഡൽഹിയിൽ തുടരണമെന്നും നേതൃത്വം എംപിമാർക്ക് നിർദേശം നൽകി. ഈ വിവരം ധൻകറിനെ അറിയിച്ചതോടെ, അവിശ്വാസ പ്രമേയത്തിന്റെ ഭീഷണി മുന്നിൽക്കണ്ട് അദ്ദേഹം രാത്രിക്ക് രാത്രി രാജിക്കത്ത് എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച രാജിക്കത്തിൽ, ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി രാജിവയ്ക്കുന്നതായി ധൻകർ വ്യക്തമാക്കി.