ഇന്ത്യയിലുടനീളമുള്ള ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ പ്രധാനമാണ്. മിക്ക ആളുകൾക്കും പടക്കം പൊട്ടിക്കാതെ ആഘോഷങ്ങൾ പൂർത്തിയാകില്ല. എന്നാൽ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ നിവാസികൾ ഇതിൽനിന്നെല്ലാം വ്യത്യസ്തമായാണ് ദീപാവലി ആഘോഷിക്കുന്നത്. ശിവഗംഗ ജില്ലയിലെ വേട്ടങ്കുടിപ്പട്ടി ഗ്രാമത്തിൽ അൻപതിലേറെ വർഷമായി പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കാറില്ല. ഇത് ഔദ്യോഗിക നിരോധനം കൊണ്ടല്ല. വേട്ടങ്കുടിപ്പട്ടി ഗ്രാമത്തിലെ ജനങ്ങളുടെ ദേശാടനപ്പക്ഷികളോടുള്ള സ്‌നേഹവും കരുതലും അനുകമ്പയുമാണ് ഇതിനുപിന്നില്‍.
ദേശാടന പക്ഷികൾ വാർഷിക ദേശാടനത്തിനായി എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥലങ്ങളിലൊന്നായ വേട്ടങ്കുടിപ്പട്ടി പക്ഷിസങ്കേതത്തിന് സമീപമാണ് ഈ ഗ്രാമങ്ങൾ എന്നതാണ് പ്രധാന കാരണം. ഇവിടെയുളള വിസ്തൃതമായ പക്ഷിസങ്കേതത്തില്‍ പതിനായിരത്തോളം ദേശാടനപ്പക്ഷികള്‍ പ്രജനനത്തിനായി എത്തും. അവ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കൂടുണ്ടാക്കി മുട്ടവിരിയിക്കും. ദേശാടന പക്ഷികളുടെ സുരക്ഷിതവും സംരക്ഷിതവുമായ പ്രജനന കേന്ദ്രങ്ങളിലൊന്നായി ഈ സങ്കേതം കണക്കാക്കപ്പെടുന്നു. അവയ്ക്ക് ഒരുതരത്തിലും ശല്യമുണ്ടാക്കരുതെന്നു കരുതി ഗ്രാമവാസികൾ ദീപാവലിക്ക് പടക്കംപൊട്ടിച്ചുള്ള ആഘോഷം വേണ്ടെന്നുവെച്ചു.
1972 മുതലാണ് ദേശാടനപ്പക്ഷികള്‍ ഗ്രാമത്തില്‍ എത്തിത്തുടങ്ങിയത്. അവയെ തങ്ങള്‍ അതിഥികളായാണ് കാണുന്നതെന്നും അതിനാലാണ് ഒരു പ്രയാസവും വരുത്താതെ സംരക്ഷിക്കുന്നതെന്നും ഗ്രാമത്തിലെ പഴമക്കാര്‍ പറയുന്നു. 1977-ലാണ് ഇവിടം പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. ദീപാവലി മാത്രമല്ല, വിവാഹങ്ങളിലും ക്ഷേത്രോത്സവങ്ങളിലും പോലും ഗ്രാമവാസികൾ ഇവിടെ പടക്കം പൊട്ടിക്കാറില്ല. ആ കാര്യത്തിൽ ഇവിടുത്തെ ഗ്രാമീണർ ഒറ്റക്കെട്ടാണ്. ഇവരുടെ നന്മ കണ്ടറിഞ്ഞ വനംവകുപ്പ് അധികൃതര്‍ എല്ലാവര്‍ഷവും ദീപാവലി ആഘോഷവേളയില്‍ ഇവിടെയെത്തി ഗ്രാമവാസികള്‍ക്ക് മധുരം വിതരണം ചെയ്യാറുണ്ട്. ഗ്രാമവാസികളുടെ ഈ തീരുമാനം പക്ഷികളോടുള്ള കരുതല്‍ മാത്രമല്ല പ്രകൃതിയോടുള്ള സ്‌നേഹവും സമര്‍പ്പണവുംകൂടിയാണ്.



