ന്യൂഡല്‍ഹി– മുംബൈയിലെ രാസലഹരി നിര്‍മാണ ഫാക്ടറിയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ യുഎഇയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ. ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് നോട്ടീസിലൂടെയാണ് സിബിഐയുടെ അന്താരാഷ്ട്ര പോലീസ് കോര്‍പറേഷന്‍ യൂണിറ്റ് കുബ്ബാവാല മുസ്തഫയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചതെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2024ല്‍ മുംബൈ പോലീസ് കണ്ടുകെട്ടിയ രാസലഹരി നിര്‍മാണ ഫാക്ടറിയുടെ നടത്തിപ്പുമായി ബന്ധമുള്ള മുസ്തഫക്കെതിരെ കുര്‍ല പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുള്ളത്. ഫാക്ടറിയിലെ പരിശോധനയില്‍ എംഡിഎയുടെയും കൊക്കൈനിന്റെയും ഹൈബ്രിഡ് രൂപമെന്ന് പറയപ്പെടുന്ന 124.141 കിലോഗ്രാം മെഫിഡ്രോണും കണ്ടെത്തിയിട്ടുണ്ട്.
മുംബൈ പോലീസിന്റെ പ്രതിപ്പട്ടികയിലുള്ള മുസ്തഫയെ ഇന്ത്യയിലെത്തിക്കാന്‍ കോടതിയുടെ നിര്‍ദേശപ്രകാരം 2024 നവംബറില്‍ സിബിഐ ഐ.പി.സി.യു ഇന്‍ര്‍പോളിന് റെഡ്‌നോട്ടീസ് കൈമാറി. 2025 ജൂണ്‍ 19ന് അബുദാബി ഇന്‍ര്‍പോള്‍ പ്രതിയെ ഇന്ത്യയിലേക്ക് തിരികെകൊണ്ടു വരുന്നതിനായി സുരക്ഷാ ദൗത്യ സംഘത്തെ അയക്കാന്‍ അറിയിക്കുകയും ജൂലൈ ഏഴിന് മുംബൈയില്‍ നിന്ന് നാല് അംഗസംഘം ദുബൈയിലേക്ക് പോവുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സിബിഐ പ്രതിയുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഇന്റര്‍പോളുമായി സഹകരിച്ച് കഴിഞ്ഞ കുറച്ച് കാലത്തിനുള്ളിൽ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് നൂറിലധികം പ്രതികളെ ഇന്ത്യയിലെത്തിച്ചിട്ടണ്ടെന്നാണ് റിപ്പോര്‍ട്ട്.