പട്‌ന: മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ഭരണകക്ഷിയായ ബിജെപി-ജെഡിയു സഖ്യത്തിനെതിരെ ശക്തമായ പ്രചാരണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നതായി സൂചന. ബുക്‌സറില്‍ സംഘടിപ്പിച്ച ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ശക്തമായ ആക്രണമാണ് എന്‍ഡിഎക്കെതിരെ നടത്തിയത്. ബിജെപി സഖ്യം അവസരവാദികളാണെന്നും കസേരയ്ക്കു വേണ്ടി മാത്രം സഖ്യം മാറുന്നയാളാണ് മുഖ്യമന്ത്രി നിതീഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സഖ്യത്തെ തോല്‍പ്പിച്ച് മഹാസഖ്യത്തെ ജയിപ്പിക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ലാലു പ്രസാദിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിഹാറിന് വാഗ്ദാനം ചെയ്ത 1.25 ലക്ഷം കോടി രൂപയുടെ പാക്കേജ് എവിടെ എന്നും ഖര്‍ഗെ ചോദിച്ചു. 2015ല്‍ വാഗ്ദാനം ചെയ്തതാണിത്. കള്ളങ്ങളുടെ ഫാക്ടറിയാണ് മോഡി നടത്തുന്നതെന്നും ഖര്‍ഗെ പറഞ്ഞു. ബിജെപിയും ആര്‍എസ്എസും പാവപ്പെട്ടവരുടേയും പിന്നാക്കവിഭാഗങ്ങളുടേയും ക്ഷേമത്തിന് എതിരാണെന്നും ഈ വിഭാഗങ്ങളെ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ക്ക് മതത്തിന്റേയും ജാതിയുടേയും പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിലാണ് അവര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.