പനാജി(ഗോവ)- റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഇതിന് പിന്നാലെ പോലീസ് കേസെടുക്കുകയും ചെയ്തതിൽ മനംനൊന്ത് ഗോവയിലെ മാപുസ സ്വദേശിയായ 23 കാരനായ കോളേജ് വിദ്യാർത്ഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി.
അമ്മയ്ക്കും രണ്ട് സഹോദരിമാർക്കുമൊപ്പം താമസിച്ചിരുന്ന സാമുവൽ ഡി ബ്രാഗൻസ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഇയാൾ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. വടക്കൻ ഗോവയിലെ റോഡരികിൽ ഇയാൾ മാലിന്യം തള്ളുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും, വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ പോലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. തുടർന്ന് സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ കടുത്ത സൈബർ ആക്രമണവും ട്രോളുകളും ഉണ്ടായി. പോലീസിൽ നിന്ന് നോട്ടീസും ലഭിച്ചു. തുടർന്ന് വിദ്യാർത്ഥി അധികൃതർക്ക് മുന്നിൽ ഹാജരാവുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.



