ന്യൂഡല്‍ഹി– ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതി വിമര്‍ശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ പൗരത്വം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനല്ലെന്നാണ് കോടതിയുടെ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം എന്തിനാണെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണത്തിന് സമര്‍പ്പിക്കേണ്ട രേഖകളില്‍ നിന്ന് ആദാറും തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതാണ് പ്രധാന പ്രശ്‌നമെന്ന് ഹരജിക്കാരന്‍ വാധിച്ചു. ആധാര്‍ പൗരത്വ രേഖയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വാദിക്കുകയും വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് സുപ്രീംകോടതിയെ അറിയിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങിവെച്ച് നടപടി നിര്‍ത്തലാക്കാന്‍ നോട്ടീസ് അയക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് എംപി നേതാവ് കെ.സി വേണു ഗോപാല്‍ ആര്‍ജെഡി നേതാവ് എംപി മനോജ് ഝാ, എന്നിങ്ങനെ ഏഴോളം ആളുകളുടെ ഹരജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജികളിലെ പ്രധാന വാദം.
എന്നാൽ ജസ്റ്റിസ് സുശാന്‍ശു ദൂലിയയും ജോയ്മാല ബാഗിയുടെയും നേതൃത്വത്തിലുള്ള ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന പ്രവർത്തനം ഭരണഘടനാ പരമായി അംഗീകരിച്ചതാണെന്നും കമ്മിഷൻ പറയുന്ന കാര്യത്തിൽ ലോജിക്കുണ്ടെന്നും നിരീക്ഷിച്ചു. അതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടികൾ തടയേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനോടൊപ്പം തന്നെ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട രേഖകളില്‍ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡും ഉള്‍പെടുത്താന്‍ കമ്മിഷനോട് കോടതി നിര്‍ദേശിച്ചു. 2025 അവസാനത്തോടെയാണ് സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ജൂണ്‍ 24നാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ പ്രക്രിയ പ്രഖ്യാപിച്ചത്. ജൂലായ് 25നകം എന്യുമറേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.