ന്യൂഡല്‍ഹി: ഇന്ത്യയിലെ ചൈന എംബസിയും കോണ്‍സുലേറ്റുകളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് 85,000ലേറെ വിസ അനുവദിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ജനസമ്പര്‍ക്കം ശക്തിപ്പെടുത്തുന്നതിനുള്ള ചൈനീസ് നയ പ്രകാരമാണിത്. ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ ഒമ്പത് വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ഇത്രയും വിസ അനുവദിച്ചത്. ചൈന സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് പറഞ്ഞു.
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള യാത്ര സുഗമമാക്കാന്‍ നിരവധി യാത്രാ ഇളവുകളാണ് ചൈന നടപ്പിലാക്കിയിട്ടുള്ളത്. വിസയ്ക്ക് അപേക്ഷിക്കാന്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് ആവശ്യമില്ല. വിസ കേന്ദ്രങ്ങളില്‍ പോയി വിസയ്ക്കുള്ള അപേക്ഷ ഇന്ത്യക്കാര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. ഹ്രസ്വ സന്ദര്‍ശനത്തിന് പോകുന്നവര്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതുമില്ല. ഇത് നടപടികള്‍ വേഗത്തിലാക്കുന്നു. ചൈന വിസ ഫീസ് കുറച്ചതും ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വലിയ ഗുണമായിട്ടുണ്ട്. മാത്രവുമല്ല വിസ അപേക്ഷകളുടെ പ്രോസസിങ് സമയം കുറഞ്ഞ് വേഗത്തില്‍ വിസ ലഭിക്കുന്ന സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. ബിസിനസ്, ടൂറിസ്റ്റ് യാത്രക്കാര്‍ക്ക് ഇപ്പോള്‍ വേഗത്തില്‍ വിസ ലഭിക്കും. ടൂറിസം രംഗത്ത് ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചൈന വിവിധ പ്രചരണപരിപാടികള്‍ നടത്തുന്നുണ്ട്.
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ നേരിട്ടുള്ള യാത്രാ വിമാന സർവീസ് പുനസ്ഥാപിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ആദ്യ ഘട്ട ചർച്ച നടന്നതായാണ് ഏറ്റവും പുതിയ റിപോർട്ട്. അതിർത്തി പ്രശ്നത്തെ തുടർന്ന് അഞ്ചു വർഷം മുമ്പാണ് നേരിട്ടുള്ള വിമാന സർവീസ് നിർത്തിവച്ചത്. നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതും വിനോദസഞ്ചാരികൾക്ക് ഏറെ ഗുണകരമാകും.
ചൈനയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം അത്ര സുഖകരമല്ലെങ്കിലും സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തമാണ്. യുഎസ് ഏര്‍പ്പെടുത്തിയ താരിഫിന്റെ പ്രധാനം ഉന്നം ചൈനയാണ്. ഇതു കൂടി ചൈനയെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പ്രേരിപ്പിച്ചിരിക്കാം. ഇന്ത്യ-ചൈന വ്യാപാര സാമ്പത്തിക ബന്ധത്തിന് വളരെ പ്രാധാന്യമുണ്ടെന്നും ഇത് പരസ്പര ആനുകൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചൈനീസ് എംബസി വക്താവ് യു ജിങ് പറയുന്നു. യുഎസ് തീരുവയുടെ പ്രത്യാഘാതം നേരിടുന്ന രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും ചൈനയും ഒന്നിച്ച് നിന്ന് പ്രതിസന്ധികളെ മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി നിയന്ത്രണ രേഖ പ്രദേശത്തെ ചൈനയുടെ സൈനിക നീക്കങ്ങളും കടന്നുകയറ്റവും ഇന്ത്യയുമായുള്ള ബന്ധത്തിലുണ്ടാക്കിയ ഉലച്ചില്‍ നിലനില്‍ക്കെ തന്നെയാണ് ചൈനയുടെ ഈ സൗഹൃദ വിസ വിതരണം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയോടുള്ള ചൈനയുടെ തുറന്ന സമീപനവും, പ്രതിച്ഛായ മെച്ചപ്പെടുത്തലും, താഴെതട്ടില്‍ നിന്ന് വിശ്വാസം പുനസ്ഥാപിക്കലുമെല്ലാം അടങ്ങുന്ന ഒരു സോഫ്റ്റ് പവര്‍ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ സാംസ്‌കാരിക, വിദ്യാഭ്യാസ, വ്യവസായ, വിനോദ സഞ്ചാര വിനിമയം ഈ വിസ നീക്കം ശക്തിപ്പെടുത്തും. കാലങ്ങളായി ചൈന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒരു ആകര്‍ഷണ കേന്ദ്രം കൂടിയാണ്. കൂടുതലായും മെഡിക്കല്‍ പഠനത്തിനാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈന തിരഞ്ഞെടുക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിവിധ ചൈനീസ് യൂനിവേഴ്‌സിറ്റികളില്‍ പഠിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രകള്‍ പുനരാരംഭിച്ചത് ഏറെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് യാത്രാ വിലക്കുകള്‍ കാരണം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയിരുന്നു.