തിരുവനന്തപുരം– അന്തരിച്ച ജനപ്രിയ നായകൻ വിഎസ് അച്യുതാനന്ദന് അനുശോചനവുമായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും നിരവധി പേരാണ് കടന്നുവന്നിരിക്കുന്നത്. വിഎസിന്റെ ഓർമ്മകളുമായി ഏറ്റവും ഒടുവിലായി കടന്ന് വന്നത് പ്രമുഖ നടി മഞ്ജു വാര്യർ, ആത്മീയ നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പ്രമുഖ വ്യവസായി ആയ എംഎ യൂസുഫലി എന്നിവരാണ്. വിഎസുമായുള്ള അനർഘനിമിഷവും പ്രിയപ്പെട്ട ഓർമ്മകളും സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വൈറലാവുകയാണ്.
ബയണറ്റ് മുറിപ്പാടുമായി ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയ നേതാവാണ് വിഎസ് എന്നാണ് മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. പുന്നപ്ര-വയലാർ സമരം സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാൽപാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയതെന്നും അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും കുറിപ്പിൽ പറയുന്നു. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള വിഎസിന്റെ നിലപാടുകളും മഞ്ജു വാര്യർ കുറിപ്പിൽ ഓർത്തെടുക്കുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു എന്നും മഞ്ജു പോസ്റ്റിൽ കൂട്ടിചേർത്തു.
വിഎസുമായി അടുത്ത ബന്ധവും വിഎസിന്റെ ഭരണനേട്ടങ്ങളും പറഞ്ഞു കൊണ്ടാണ് കാന്തപുരം എപി ആബൂബക്കർ മുസ്ലിയാർ വിഎസ് അച്യുതാനന്ദന് അനുശോചനമറിയിച്ചത്. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും പല വേദികളിലും ഒന്നിച്ച് പങ്കെടുത്തിരുന്നതായും കാന്തപുരം ഓർത്തെടുക്കുന്നുണ്ട്. കൂടാതെ വിഎസിന്റെ മർകസ് സന്ദർശനവും, പാലൊളി കമ്മിറ്റിയുടെ നിയോഗിക്കുന്നതും, അലിഗഢ് സർവ്വകലാശാല സെന്റർ മലപ്പുറം ജില്ലയിൽ സാക്ഷാത്കരിക്കാനായി വിഎസ് നടത്തിയ പരിശ്രമങ്ങളെയും കാന്തപുരം സ്മരിക്കുന്നുണ്ട്.
കേരളത്തിലെ തന്റെ ആദ്യ സംരംഭമായ തൃശ്ശൂർ ലുലു കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയ വിഎസിനെയും അന്ന് അദ്ദേഹം സംരംഭത്തെ ചെളിയിൽ നിന്ന് വിരിയിച്ച താമര എന്ന് വിശേഷിപ്പിച്ചതും എംഎ യൂസുഫലി ഓർത്തെടുത്താണ് അനുശോചനം അറിയിച്ചത്. ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അദ്ദേഹം തനിക്ക് ഒപ്പം നിന്നതായും സത്യസന്ധനായ കച്ചവടക്കാരൻ എന്ന് വിശേഷിപ്പിച്ചതായും യൂസുഫലി പറയുന്നു. 2017-ൽ യുഎഇ സന്ദർശിച്ചപ്പോൾ അബുദാബിയിലെ തന്റെ വസതിയിൽ വിഎസ് എത്തിയതും, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന വി.എസിനൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിക്കാൻ സാധിച്ചതും ഒരിക്കലും മറക്കാൻ സാധിക്കാത്ത ഓർമ്മകളാണെന്നും എംഎ യൂസുഫലി കൂട്ടിചേർത്തു.