ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തിയില്‍ വെടിനിര്‍ത്താന്‍ ധാരണയിലെത്തി എന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കം പാക്കിസ്ഥാന്‍ ധാരണ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നെ ആവര്‍ത്തിച്ചുള്ള വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായി. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും മിലിറ്ററി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ (ഡി.ജി.എം.ഒ) തമ്മില്‍ ഇന്നുണ്ടാക്കിയ ധാരണയാണ് ലംഘിക്കപ്പെട്ടത്. സായുധ സേന ഇതിന് തക്കതായ മറുപടി നല്‍കുന്നുണ്ട്. ഈ ലംഘനങ്ങള്‍ ഇന്ത്യ വളരെ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഈ ലംഘനങ്ങള്‍ തടയാന്‍ പാക്കിസ്ഥാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും വിഷയം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സായുധ സേന ശക്തമായ ജാഗ്രതയോടെയാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്. രാജ്യാതിര്‍ത്തി മേഖലയിലും അതിര്‍ത്തി നിയന്ത്രണ രേഖ മേഖലകളിലും ഏതുതരത്തിലുമുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായി തന്നെ തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിക്രം മിസ്രി അറിയിച്ചു.
ശ്രീനഗറിലുള്‍പ്പെടെ ജമ്മു കശ്മീരിലെ വിവിധയിടങ്ങളിലും ഗുജറാത്തിലും ഡ്രോണുകള്‍ കാണപ്പെടുകയും അവ തടയുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷവും ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും എക്‌സില്‍ പങ്കുവച്ചിരുന്നു.