ന്യൂഡല്‍ഹി: വിവാദ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നത് എന്‍ടിഎയുടെ ഓഫിസില്‍ നിന്ന് തന്നെയെന്ന് സിബിഐയുടെ കണ്ടെത്തല്‍. മൂന്ന് വിഷയ വിദഗദ്ധരാണ് ചോര്‍ച്ചയ്ക്ക് പിന്നില്‍. ചോദ്യങ്ങള്‍ മനപാഠമാക്കി പേപ്പറില്‍ എഴുതി പുറത്ത് കടത്തുകയായിരുന്നു. ഡെല്‍ഹി റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച സിബിഐയുടെ കുറ്റപത്രത്തിലാണ് ഇതുള്ളത്.
വിദഗ്ദരെ സുരക്ഷ പരിശോധനക്ക് വിധേയമാക്കാതെയാണ് പരീക്ഷ പേപ്പര്‍ തയ്യാറാക്കുന്ന മുറിയിലേക്ക് പ്രവേശിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ അടി വരയിടുന്നുണ്ട്. എന്‍ടിഎയില്‍ സിസിടിവി ലൈവ് ഫീഡ് നിരീക്ഷിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിരുന്നില്ല. ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ നല്‍കിയ റഫ് പേപ്പറില്‍ ചോദ്യങ്ങള്‍ പ്രതികള്‍ എഴുതി മാറ്റിയെന്നാണ് കണ്ടെത്തല്‍.
സിബിഐ നടത്തിയ പരിശോധനയില്‍ 25 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. സബ്ജക്റ്റ് വിദഗ്ദ്ധര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ചോദ്യപേപ്പറുകള്‍ ചോര്‍ത്തുകയും, ഇടനിലക്കാര്‍ വഴി വന്‍ തുകയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ചോര്‍ത്തിയ ചോദ്യങ്ങളും പ്രത്യേക കോച്ചിങും നല്‍കുന്നതിനായി വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നാല് ലക്ഷം വരെ ഈടാക്കിയിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയില്‍ നിന്ന് ചോര്‍ന്ന ചോദ്യങ്ങളുടെ പിഡിഎഫ്, ഇമേജ് ഫയലുകള്‍ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് ടെലഗ്രാം, വാട്സാപ്പ് എന്നിവ വഴിയാണ് ഈ ഫയലുകള്‍ കൈമാറിയത്. നീറ്റ് 20206 എന്ന പേരില്‍ വിവരങ്ങള്‍ കൈമാറുന്നതിനായി ഇടനിലക്കാര്‍ വാട്സാപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. ചോര്‍ത്തിയ ചോദ്യപേപ്പര്‍ നല്‍കുന്നതിന് സുരക്ഷയായി വിദ്യാര്‍ഥികളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇടനിലക്കാര്‍ വാങ്ങി വെച്ചിരുന്നു.






