മുംബൈ- പരീക്ഷക്കിടെ ചാറ്റ് ജി.പി.ടി ഉപയോഗിച്ചതിന് പിടിയിലായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഐ.ഐ.ടി ബോംബെയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായ സാഹിൽ വകോഡെ (19) യാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. കഴിഞ്ഞ ആറ് മാസത്തിനിടെ ഐ.ഐ.ടി ക്യാമ്പസിലെ മൂന്നാമത്തെ ആത്മഹത്യയാണിത്.
പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പർ ചാറ്റ്ജിപിടിയിലേക്ക് അപ്ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിച്ചതിനാണ് വിദ്യാർത്ഥിയെ അധികൃതർ പിടികൂടിയത്.
മിഡ്-സെമസ്റ്റർ പരീക്ഷയ്ക്കിടെയാണ് വിദ്യാർത്ഥി മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചത്.
കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിക്കെതിരെ അച്ചടക്ക നടപടികളോ സസ്പെൻഷനോ പ്രഖ്യാപിച്ചിരുന്നില്ലെന്ന് ഐ.ഐ.ടി ബോംബെ അധികൃതർ അറിയിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനും ഡിപ്പാർട്ട്മെന്റ് മേധാവിയും വിദ്യാർത്ഥിയെ കൗൺസിലിംഗിന് വിധേയനാക്കുകയും ഈ സംഭവം പഠനത്തെ ബാധിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. അതിനുശേഷമാണ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയത്.
ഒരു വർഷത്തെ സസ്പെൻഷൻ ഉണ്ടാകുമെന്ന ഭയമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികൾ ആരോപിക്കുന്നു. സംഭവത്തെത്തുടർന്ന് നാനൂറിലധികം വിദ്യാർത്ഥികൾ ക്യാമ്പസിൽ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഐ.ഐ.ടിയിൽ നടന്നു വന്നിരുന്ന മിഡ്-സെമസ്റ്റർ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചു. മുംബൈ പോവി പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.







