ന്യൂഡല്‍ഹി – ഹരിയാനയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൊള്ള നടന്നതിനു തെളിവായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ബ്രസീലിയന്‍ മോഡലിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ പ്രതികരണവുമായി ഇപ്പോൾ മോഡൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബ്രസീലിയന്‍ മോഡല്‍ ലാരിസ്സയാണ് നവമാധ്യമത്തിലൂടെ പ്രതികരണവുമായി എത്തിയത്. ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്സുള്ള ബ്രസിലീയൻ മോഡലാണ് ലാരിസ്സ.
തനിക്ക് ഒരു തമാശപറയാനുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ലാരിസ്സ വിഡിയോ തുടങ്ങുന്നത്. തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയിൽ ഉപയോഗിച്ചുവെന്നും ഇത് വിചിത്രമാണെന്നുമായിരുന്നു മോഡലിൻ്റെ പ്രതികരണം. ‘ഇന്ത്യൻ രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഞാൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. ഇതു കണ്ട് എല്ലാവരും ചിരിക്കുകയാണ്’ – ലാരിസ്സ പറയുന്നു. താൻ ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നും ബ്രസീലിയന്‍ മോഡല്‍ ലാരിസ്സ പറയുന്നു.
കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണം അടങ്ങിയ വിഡിയോ സന്ദേശം എക്സിൽ പങ്കുവെച്ചത്. ഹരിയാനയിൽ സ്വീറ്റി, സരസ്വതി, സീമ എന്നിങ്ങനെ പല പേരുകളിലായിട്ടായിരുന്നു ലാരിസയുടെ ചിത്രം വച്ച് 22 കള്ളവോട്ടുകൾ നടന്നത്.
കോൺഗ്രസിന്റെ വൻവിജയം തടയാൻ ബ്രസീലിയൻ മോഡലിന്റെ ചിത്രമടക്കം വോട്ടർപട്ടികയിൽപ്പെടുത്തിയുള്ള ‘ഓപ്പറേഷൻ സർക്കാർ ചോരി’യാണ് ഹരിയാണയിൽ നടന്നത്. 2024ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ 25 ലക്ഷം വ്യാജവോട്ടുകൾ രേഖപ്പെടുത്തിയെന്ന് തെളിവുകൾ സഹിതം തൻ്റെ സംഘം കണ്ടെത്തിയെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്.



