ജയ്പൂര്‍– എസ്‌ഐആറിന്റെ കരടുപട്ടികയില്‍ നിന്നു മുസ്ലിംകളെ ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി സഹിക്കാനാവാതെ ആത്മഹത്യക്ക് ഒരുങ്ങി ബിഎല്‍ഒ. ബിജെപി സ്ഥാനാർത്ഥികൾക്ക് സുഖമായി ജയിക്കാൻ വേണ്ടി മുസ്ലിം മത വിശ്വാസികളെ കരടുപട്ടികയില്‍ നിന്ന് ഒഴിവാക്കാൻ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സമ്മർദ്ദം സഹിക്കാൻ കഴിയുന്നില്ലെന്നും ഇയാൾ വ്യക്തമാക്കി. സരാജസ്ഥാനിലെ ജയ്പൂര്‍ ഹവാമഹല്‍ നിയോജക മണ്ഡലത്തിലെ ബിഎല്‍ഒയായ കൃതി കുമാറാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി രംഗത്ത് വന്നത്. എസ്ഐആറിന്റെ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു എന്നാൽ ഇത് മുസ്ലിം വോട്ടർമാരെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് കൃതികുമാർ ചൂണ്ടിക്കാട്ടി.
കലക്ടരുടെ ഓഫീസിലെത്തിയാണ് കൃതി കുമാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. മണ്ഡലത്തിലെ ഒരു ബൂത്തിൽ മാത്രം 470 വോട്ടർമാരെ നീക്കം ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇത് ആ ബൂത്തിലെ ആകെ വോട്ടർമാരുടെ ഏകദേശം 40 ശതമാനത്തോളം വരും. ഈ ലിസ്റ്റിലുള്ളവരെല്ലാം മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണെന്ന് ബിഎൽഒ പറഞ്ഞു. എസ്‌ഐആർ നടപടികൾക്കിടെ വോട്ടർമാരെ നേരിട്ട് കണ്ട് ബോധ്യപ്പെട്ടത് ആണെങ്കിലും രണ്ടു ദിവസത്തിനകം ഇവരുടെ പേരുകൾ ഒഴിവാക്കണമെന്നാണ് ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു വീഡിയോയിൽ ബിജെപി കൗൺസിലർ സുരേഷ് സൈനിയോട് ഫോണിൽ സംസാരിക്കവെ കൃതി കുമാർ രോഷാകുലനാകുന്നത് കാണാം. ആ പ്രദേശത്തെ മുഴുവൻ വോട്ടർമാരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്താൽ നിങ്ങൾക്കും മഹാരാജിനും (എംഎൽഎ ബാൽമുകുന്ദ് ആചാര്യ) തിരഞ്ഞെടുപ്പിൽ സുഖമായി ജയിക്കാം. അതിന് വേണ്ടിയാണോ എന്നെ പീഡിപ്പിക്കുന്നത്. ഇതിലും നല്ലത് ഞാൻ ജീവനൊടുക്കുന്നതാണെന്നും കൃതികുമാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 974 വോട്ടുകൾക്ക് ഹവാമഹലിൽ നിന്ന് വിജയിച്ച ബാബ ബാൽമുകുന്ദ് ആചാര്യയെയാണ് മഹാരാജ്’ എന്ന് വിശേഷിപ്പിക്കുന്നത്. മണ്ഡലത്തിലെ ജനസംഖ്യാ അനുപാതം തങ്ങൾക്കെതിരാണെന്നും അതിനാൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി വിജയം ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
കൃതി കുമാറിന് പുറമെ സരസ്വതി മീണ എന്ന മറ്റൊരു ബിഎൽഒയും സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. താൻ ജോലി ചെയ്യുന്ന ബൂത്തിൽ 158 വോട്ടർമാരെ നീക്കം ചെയ്യാൻ ബിജെപി ഏജന്റുമാർ സമ്മർദ്ദം ചെലുത്തുന്നതായി അവർ പറഞ്ഞു. ഇതിനോടകം തന്നെ ജോലിഭാരവും മാനസിക സമ്മർദ്ദവും മൂലം രാജസ്ഥാനിൽ മൂന്ന് ബിഎൽഒമാർ മരിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.



