ലക്നൗ– ബോളിവുഡ് പ്രമുഖ നടൻ ഷാരൂഖ് ഖാനെ തീവ്രവാദിെയന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ്. ഷാരൂഖ് ഖാൻ ഒരു തീവ്രവാദിയാണെന്നും പാകിസ്ഥാന് ധനസഹായം നൽകുന്നവനാണെന്നുമാണ് ബിജെപി നേതാവും ഉത്തർപ്രദേശ് മുൻ എംഎൽഎ കൂടിയായ സംഗീത് സോം രംഗത്തെത്തിയത്. ഐപിഎൽ 2026 സീസണിലേക്കുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ടീമിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഷാരൂഖിനെതിരെ ‘ഗദ്ദാർ’ (രാജ്യദ്രോഹി) തുടങ്ങിയ പരാമർശങ്ങളുമായി സംഗീത് സോം കടന്നാക്രമിച്ചത്.
റഹ്മാനെപ്പോലുള്ള താരങ്ങളെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് സോം മുന്നറിയിപ്പ് നൽകി. ഇത്തരം കളിക്കാരെ ഇവിടെ കളിക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു. ഷാരൂഖ് ഖാനെപ്പോലുള്ള രാജ്യദ്രോഹികൾ ഒന്നു മനസ്സിലാക്കണം, നിങ്ങൾ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ഈ രാജ്യത്തെ ജനങ്ങൾ കാരണമാണ്. എന്നാൽ നിങ്ങൾ രാജ്യത്തെ വഞ്ചിക്കുകയാണെന്നും ബിജെപി നേതാവ് പറഞ്ഞു.
ഷാരൂഖ് ഖാൻ സമ്പാദിക്കുന്നത് ഇന്ത്യയിലെ ജനങ്ങളിൽ നിന്നാണെന്നും, എന്നാൽ അത് ഉപയോഗിക്കുന്നത് രാജ്യവിരുദ്ധമായാണെന്നും അദ്ദേഹം ആരോപിച്ചു. ചിലപ്പോൾ പാകിസ്ഥാന് സംഭാവന നൽകുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, ചിലപ്പോൾ റഹ്മാനെപ്പോലുള്ള കളിക്കാരെ വാങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഇനി ഈ രാജ്യത്ത് നടപ്പില്ല. ഇത്തരം വഞ്ചകർക്ക് ഇനി രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ആത്മീയ ആചാര്യൻ ദേവകീനന്ദൻ ഠാക്കൂറും കെകെആർ മുസ്തഫിസുർ റഹ്മാനെ സ്വന്തമാക്കിയതിനെതിരെ രംഗത്തെത്തിയിരുന്നു. ആ തീരുമാനം റദ്ദാക്കിയില്ലെങ്കിൽ “ഖേലാ ഹോബെ” (കളി നടക്കും) എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കെകെആർ ആ കളിക്കാരനെ തിരിച്ചയച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ദേവകീനന്ദൻ പറഞ്ഞു.



