തിരുവനന്തപുരം– മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടനും സിപിഎം നേതാവായ കൊടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കൊടിയേരി. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമ്മദിവസത്തിലാണ് ബിനീഷ് കൊടിയേരി തന്റെ വ്യക്തിപരമായ അടുപ്പം കാണിക്കുന്ന വീഡിയോയും കുറിപ്പുമായി എത്തിയത്. വിശ്രമിച്ചാൽ ക്ഷീണം വരുന്ന ആൾ എന്ന കുറിപ്പോടുകൂടിയാണ് ബിനീഷ് പോസ്റ്റ് പങ്കുവെച്ചത്.
“വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ , ജന സ്നേഹത്തിന് തന്നെ സമർപ്പിച്ചു യാത്രയായതിന്റെ ഓർമ്മ ദിനം, ഉമ്മൻ ചാണ്ടി അങ്കിൾ നന്ദി തന്ന സ്നേഹത്തിന്” എന്നതാണ് കുറിപ്പിന്റെ പൂർണരൂപം. ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനത്തിൽ രാഷ്ട്രീയഭേദമന്യെ നിരവധി വ്യക്തിത്വങ്ങൾ ഓർമ്മകൾ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിലാണ് ബിനീഷ് കൊടിയേരിയും തന്റെ വ്യക്തിപരമായ അടുപ്പം പ്രകടമാക്കിയുള്ള വീഡിയോയും കുറിപ്പും തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീഷൻ ഉൾപ്പെടെ നിരവധി വ്യക്തിത്വങ്ങളും സംഘടനകളും ഉമ്മൻ ചാണ്ടിയെ സ്മരിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.