പട്ന– ബിഹാറിലെ വോട്ടർ പട്ടിക പുനഃപരിശോധനാ പ്രക്രിയയുടെയും പുതുക്കലിന്റെയും ഭാഗമായി 52 ലക്ഷം പേരുടെ പേരുകൾ ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണപ്രകാരം, മരണപ്പെട്ട 18 ലക്ഷം ആളുകൾ, മറ്റു നിയോജകമണ്ഡലങ്ങളിലേക്ക് താമസം മാറ്റിയ 26 ലക്ഷം പേർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന 7 ലക്ഷം പേർ എന്നിവരാണ് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്.
യോഗ്യരായ എല്ലാ വോട്ടർമാരെയും പുതിയ കരട് പട്ടികയിൽ ഉൾപ്പെടുത്താൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കമ്മീഷന്റെ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 1ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ, തിരുത്തലുകൾക്കായി വോട്ടർമാർക്ക് ഒരു മാസം സമയം നൽകുന്നതായും കമ്മീഷൻ പറഞ്ഞു. ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 1 വരെയാണ് തിരുത്തലുകൾക്കുള്ള സമയം.
അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. ഏകദേശം ഒരു ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിൽ, നാല് ലക്ഷം വളണ്ടിയർമാരുടെയും 1.5 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുടെയും സഹായത്തോടെയാണ് പുതിയ പട്ടിക തയ്യാറാക്കുന്നതായി കമ്മീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയിൽ പ്രതിപക്ഷം വലിയ തോതിൽ ആശങ്കകൾ ഉയർത്തുന്നുണ്ട്.