ന്യൂഡല്‍ഹി – സ്വകാര്യ ടാക്സി സർവീസ് രംഗത്തെ പ്രമുഖരായ ഒല, യൂബറിനെല്ലാം വെല്ലുവിളിയായി രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. നഗര യാത്ര എളുപ്പമാക്കുന്നതിനും ഉയര്‍ന്ന ടാക്‌സി നിരക്കില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനുമായി ഭാരത് ടാക്‌സി എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് ആരംഭിക്കുന്നത്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണൻസ് ഡിവിഷന്റെയും കീഴിലാണ് ‘ഭാരത് ടാക്സി’ആരംഭിക്കുക.
ഒല, യൂബർ ടാക്സി സേവനങ്ങളെക്കുറിച്ച് നിരക്ക് വർധനവ്, മോശം സർവീസ്, ലഭ്യതക്കുറവ് തുടങ്ങിയ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്. അതുമാത്രമല്ല കമ്മീഷൻ ഈടാക്കി ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും നിലനിൽക്കുന്നുണ്ട്. പലപ്പോഴും യാത്രാക്കൂലിയുടെ 25 ശതമാനം വരെയാണ് കമ്മീഷനായി ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്നത്. ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരമായാണ് ഭാരത് ടാക്സി’യുടെ രംഗപ്രവേശം.
ഡ്രൈവർമാർക്ക് ഓഹരി ഉടമസ്ഥാവകാശം നൽകുന്ന ‘ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ടാക്സി ഓർഗനൈസേഷൻസ്’ ആണ് ഈ സംരംഭത്തിന് പിന്നിൽ. ഇത് സേവനത്തിന്റെ ലാഭം തൊഴിലാളികൾക്ക് തന്നെ ഉറപ്പാക്കുന്നു. ഡ്രൈവർമാർ ഒരു നിശ്ചിത പ്രതിദിന, പ്രതിവാര അല്ലെങ്കിൽ പ്രതിമാസ ഫീസ് മാത്രം അടച്ചാൽ മതി. ഇത് ഡ്രൈവർമാർക്ക് കൂടുതൽ വരുമാനം ലഭിക്കുന്നതിനും അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് സർക്കാർ കണക്കൂട്ടുന്നത്.
ഭാരത് ടാക്സിയുടെ ആദ്യ ഘട്ടം നവംബറിൽ ഡൽഹിയിലാണ് ആരംഭിക്കുക. ആദ്യഘട്ടത്തിൽ 650 വാഹനങ്ങളും അവയുടെ ഉടമകളും ഡ്രൈവർമാരും ഈ സർവീസിന്റെ ഭാഗമാകും. പരീക്ഷണം വിജയകരമായാൽ 2025 ഡിസംബറിൽ മറ്റ് പ്രധാന നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. പ്രാരംഭ ഘട്ടത്തിൽ സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 5,000 ഡ്രൈവർമാർ പങ്കെടുക്കും. 20 നഗരങ്ങളിലേക്ക് ഇത് അടുത്ത ഒരു വർഷത്തിനുള്ളിൽ എത്തും. 2026 മാർച്ചോടെ മെട്രോ നഗരങ്ങളിലും, 2030ഓടെ ഒരു ലക്ഷം ഡ്രൈവർമാരെ ഉൾപ്പെടുത്തി ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഭാരത് ടാക്സി എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഭാരത് ടാക്സി സ്വകാര്യ കോർപ്പറേഷനായിട്ടല്ല മറിച്ച് സഹകരണ സംരംഭമായിട്ടാണ് പ്രവർത്തിക്കുക. 2025 ജൂണിൽ 300 കോടി രൂപയുടെ പ്രാരംഭ മൂലധനത്തോടെ സ്ഥാപിച്ച ‘സഹകാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്’ ആണ് ഇതിന്റെ നടത്തിപ്പ് ചുമതല വഹിക്കുക. അമുലിന്റെ മാതൃസ്ഥാപനമായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ മാനേജിങ് ഡയറക്ടർ ജയൻ മേത്ത അദ്ധ്യക്ഷനായ പുതിയ ഭരണസമിതിക്കായിരിക്കും ടാക്സി സർവീസിന്റെ മേൽനോട്ട ചുമതല. നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NCDC) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ രോഹിത് ഗുപ്ത വൈസ് ചെയർമാനുമായിരിക്കും.



