ന്യൂഡല്‍ഹി– പാകിസ്ഥാനിലെ പഹല്‍ഗാമില്‍ നടന്ന ഭീകരവാദത്തിന് നേത്രത്വം നല്‍കിയ ലഷ്‌കറെ ത്വയിബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ടിനെതിരെ ആഗോള പ്രചാരണം നടത്തണമെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയെ എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിലേക്ക് തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2022ലാണ് പാകിസ്ഥാന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്.എ.ടി.എഫ്) രേഖയില്‍ നിന്ന് പുറത്താക്കിയത്. തീവ്രവാദ ധനസഹായം നിരീക്ഷിക്കുന്ന ആഗോള നിരീക്ഷണ ഏജന്‍സിയാണിത്. ദി റസിസ്റ്റന്‍ഡ് തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കണമെന്നും ഉവൈസി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ നയമെന്നും സൈനിക നടപടിയില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
സര്‍ക്കാര്‍ പറഞ്ഞതെല്ലാം കേട്ടു, ഒരു നടപടികളേയും വിമര്‍ശിക്കാനില്ല, ഇത്തരമൊരു സന്ദര്‍ഭത്തില്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണോയെന്ന ഔചിത്യബോധം പ്രധാനമന്ത്രിക്കാണ് ഉണ്ടാകേണ്ടതെന്നും അതിനെ വിമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒന്നിച്ച് നിന്ന് ഈ ദുര്‍ഘട നിമിഷത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കാത്ത സര്‍വകക്ഷിയോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് കാര്യങ്ങള്‍ വിശദീകരിച്ചെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.