കൊച്ചി– എറണാകുളം സെന്റ് തെരേസാസ് കോളജിലെ മദർ മേരി ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ അരുന്ധതി റോയ് തന്റെ പുതിയ പുസ്തകം ‘മദർ മേരി കംസ് ടു മി’ പ്രകാശിപ്പിച്ചു. “ഐ ആം നെർവസ്,” എന്ന് തുറന്നു പറഞ്ഞുകൊണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവർ തുടർന്നു: “എനിക്ക് പ്രിയപ്പെട്ടവർ എല്ലാം ഇവിടെ ഒത്തുചേർന്നിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് സർക്കാരിന് ഒരു സുരക്ഷാ ഭീഷണിയായേക്കാം,” ചെറുചിരിയോടെ അവർ സദസ്സിൽ ചിരി പടർത്തി.
“ഗാസയിൽ പട്ടിണിയിൽ വലയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നമ്മെ ലജ്ജിപ്പിക്കുന്നു. ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട വാർത്തയും എന്റെ സുഹൃത്തുക്കൾ വർഷങ്ങളായി തടവിൽ കഴിയുന്നതും വേദനിപ്പിക്കുന്നു.” അരുന്ധതി റോയി പ്രഭാഷണത്തിൽ പറഞ്ഞു.
അമ്മ മേരി റോയിയെക്കുറിച്ചുള്ള ഓർമകളുടെ ഈ എഴുത്ത് പ്രകാശനത്തിനായി അരുന്ധതി തിരഞ്ഞെടുത്തത് കേരളത്തിന്റെ മണ്ണും പ്രിയപ്പെട്ടവരുടെ സാന്നിധ്യവുമാണ്. വേദിയിൽ സഹോദരൻ ലളിത് റോയിയെ കെട്ടിപ്പിടിച്ച് അവർ പറഞ്ഞു, “ഇതാണ് ഞാൻ ഏറ്റവും സ്നേഹിക്കുന്ന കുട്ടപ്പൻ.” ലളിത്, അരുന്ധതിയെ ‘സു’ എന്ന് വിളിക്കുന്നതിനെക്കുറിച്ചും ബാല്യകാല ഓർമകൾ തമാശയോടെ പങ്കുവച്ചു.
ഔപചാരികതയില്ലാതെ നടന്ന ചടങ്ങിൽ, ബീറ്റിൽസിന്റെ ‘ലെറ്റ് ഇറ്റ് ബി’ ഗാനത്തിലെ ‘മദർ മേരി കംസ് ടു മി’ വരികൾ ലളിത് റോയ് ആലപിച്ച് വേദിയൊരുക്കി. അരുന്ധതി പുസ്തകത്തിലെ ആദ്യ അധ്യായം ‘ഗാംഗ്സ്റ്റർ’ വായിച്ചു.
എഴുത്തുകാരി കെ.ആർ. മീര, പെൻഗ്വിൻ ഇന്ത്യ എഡിറ്റർ ഇൻ ചീഫ് മാനസി സുബ്രഹ്മണ്യം, പ്രൊഫ. ജിഷ, രവി ഡിസി, റിൻജിനി മിത്ര തുടങ്ങിയവർ പ്രസംഗിച്ചു. അരുന്ധതിയുടെ ബന്ധുക്കളായ പ്രണോയ് റോയ്, രാധിക റോയ്, യൂഹാൻ എന്നിവർക്കൊപ്പം സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.