ന്യൂഡൽഹി- ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കിനിൽക്കെ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതിക്കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്. ജയിലിൽനിന്ന് മുഖ്യമന്ത്രിയുടെ പദവി അരവിന്ദ് കെജ്രിവാൾ വഹിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതായി ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചുവെന്നും അറസ്റ്റ് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൂഢാലോചനയാണെന്നും ദൽഹി മന്ത്രി അതിഷി പറഞ്ഞു. ഈ കേസിന്റെ അന്വേഷണം ആരംഭിച്ചത് മുതൽ എഎപി നേതാക്കളെയും മന്ത്രിമാരെയും കേന്ദ്രീകരിച്ച് 1000-ത്തിലധികം റെയ്ഡുകൾ നടത്തിയിട്ടും ഒരു രൂപ പോലും ഇഡിയോ സിബിഐയോ കണ്ടെടുത്തിട്ടില്ലെന്നും അതിഷി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയാണ്. കെജ്രിവാൾ വെറുമൊരു മനുഷ്യനല്ല, അദ്ദേഹം ഒരു ചിന്തയാണ്. ഒരു കെജ്രിവാളിനെ അറസ്റ്റ് ചെയ്താൽ ആ ചിന്ത അവസാനിപ്പിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് തെറ്റിയെന്നും അതിഷി പറഞ്ഞു.