കോഴിക്കോട്– നിമിഷ പ്രിയ കേസിൽ യമനിൽ സുപ്രധാനമായ യോഗം ചേരുന്നതിൽ നിർണായകമായ ഇടപെടലുമായി കാന്തപുരം. പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ച സംഘടിപ്പിക്കുന്നത്. യമൻ ഭരണകൂട പ്രതിനിധി, സുപ്രിം കോടതി ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ശൈഖ് ഹബീബ് ഉമർ വിഷയത്തിൽ ഇടപെട്ടത്.
നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം നൽകാൻ തയാറാണെന്ന് സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയിൽ ബാക്കി വന്നത് നിമിഷ പ്രിയക്ക് വേണ്ടി കൈമാറും എന്ന് അറിയിച്ചു. എന്നാൽ, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കൂടുതലൊന്നും ചെയ്യാൻ ആകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേസിൽ പരിമിതികളുണ്ടെന്നും മോചനത്തിനായി പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് കാന്തപുരം കേസിൽ ഇടപെടുന്നത്.
കൊല്ലപ്പെട്ട യമൻ സ്വദേശിയുടെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകിയാൽ ഏതു നിമിഷവും പണം നൽകുമെന്നും ട്രസ്റ്റ് കൺവീനർ കെ കെ ആലിക്കുട്ടി പറഞ്ഞു.