ന്യൂഡല്‍ഹി– ദേശീയപാതകളിലെ യാത്രകളില്‍ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്ക് വാര്‍ഷിക പാസ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഓരോ ടോള്‍ പ്ലാസയിലും പണം ഈടാക്കുന്നതിന് ഒഴിവാക്കാനാണ് വാര്‍ഷിക പാസെന്ന് അദ്ദേഹം പറഞ്ഞു. 3000 രൂപക്ക് പാസ് എടുത്താല്‍ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് വര്‍ഷം 200 യാത്രകള്‍ക്കായി ഉപയോഗിക്കാം. ഫാസ്ടാഗ് അടിസ്ഥാനമാക്കിയാണു വാര്‍ഷിക പാസും പ്രവര്‍ത്തിക്കുക. ഓഗസ്റ്റ് 15 മുതല്‍ സൗകര്യം പ്രാബല്യത്തില്‍ വരും.
രാജ്മാര്‍ഗ് ആപ് ഉപയോഗിച്ചോ അല്ലെങ്കില്‍ ദേശീയപാത അതോറിറ്റി, ഉപരിതല ഗതാഗത മന്ത്രാലയം എന്നിവയുടെ വെബ്സൈറ്റ് വഴിയോ പണം അടക്കാം. പാസ് ആക്ടിവേറ്റ് ചെയ്യാനുള്ള ലിങ്കും വൈകാതെ ഈ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കുമെന്നും ഗഡ്കരി അറയിച്ചു. നിലവില്‍ 30 രൂപമുതല്‍ 340 രൂപ വരെയാണ് രാജ്യത്തെ വിവിധ ടോള്‍ പ്ലാസകളില്‍ ഈടാക്കുന്ന നിരക്ക്. വാര്‍ഷിക പാസുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ഒരു തവണ ടോള്‍ ബൂത്ത് കടക്കാന്‍ 15 രൂപയേ ചിലവാകൂ എന്നതാണ് വാര്‍ഷിക പാസിന്റെ നേട്ടം. ഭാവിയില്‍ ടോള്‍പ്ലാസകള്‍ പൂര്‍ണമായും ഒഴിവാക്കി പകരം ജി.പി.എസ് സഹായത്തോടെ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍(എ.എന്‍.പി.ആര്) ക്യാമറകള്‍ വഴിയും ടോള്‍ പിരിച്ചെടുക്കുന്ന കാര്യവും നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പരിഗണനയിലുണ്ട്.